ക്ഷാമബത്തയും പെന്‍ഷനും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം:
മന്ത്രി കെ എൻ ബാലഗോപാൽ
ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിന് സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡ് കാലത്തുപോലും ശമ്പളം പരിഷ്‌കരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ ഭരണപരമായ തീരുമാനത്തിലാണ് ക്ഷാമബത്തയും ഡിഎയും നൽകുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളത്തിനുള്ള രണ്ടുലക്ഷം കോടിയോളം രൂപയുടെ വരുമാന സ്രോതസ്സാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കിയത്. ഇൗ സാമ്പത്തിക വർഷത്തിന്റെ അവസാനകാലമായപ്പോൾ വായ്‌പയെടുക്കാമായിരുന്നതിൽനിന്ന് ആറായിരം കോടി രൂപയാണ് വെട്ടിക്കുറച്ചത്. നികുതിവിഹിതം പകുതിയായി കുറച്ചു. ഓരോ മാസവും വലിയ പ്രയാസം നേരിട്ടാണ് മുന്നോട്ടുപോയത്. അതിന്റെ ഭാഗമായാണ് അഞ്ചുമാസം ക്ഷേമപെൻഷൻ കുടിശ്ശികയായത്.
രണ്ടാം പിണറായി സർക്കാരിനു പകരം യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങിയേനെ. ജീവനക്കാരുടെ ഡിഎ വെട്ടിക്കുറയ്‌ക്കുകയും ലീവ് സറണ്ടർ നിർത്തുകകയുംചെയ്‌ത 2002ലെ എ കെ ആന്റണി സർക്കാർ ഉദാഹരണമാണ്. ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇൗ വർഷം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് മാത്രം കിട്ടിയാൽ തീർക്കാവുന്ന കുടിശ്ശികയേ ഇപ്പോഴുള്ളു.
കോവിഡ് കാലത്ത് കേന്ദ്രവും ചില സംസ്ഥാനങ്ങളുമെല്ലാം ശമ്പളം വെട്ടിക്കുറയ്‌ക്കുകയോ നിർത്തുകയോ ചെയ്‌തു. എന്നാൽ ശമ്പള പരിഷ്‌കരണം കോവിഡ് സമയത്തും നടത്തിയ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു”
