തിരുവനന്തപുരം:പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ക്ഷാമബത്തക്ക് മുന്‍കാല പ്രാബല്യം നല്‍കുക, പിഎഫ്‌ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്‌എസ്ഇടിഒ യുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന രാപ്പകൽ സത്യാഗ്രഹം ആരംഭിച്ചു.
സെക്രട്ടറിയറ്റിനു മുന്നിൽ എഫ്‌എസ്‌ഇടിഒ ജനറല്‍ സെക്രട്ടറി എം വി ശശിധരന്‍ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ.എ ഷാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്.എസ്.ഇ.ടി.ഒ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി എസ്.എസ്.ദീപു, പി.എസ്.സി.ഇ.യു ജനറൽ സെക്രട്ടറി ബിജു, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ, കെ.യു.ഇ.യു ജനറൽ സെക്രട്ടറി സജിത്ത് ഖാൻ, കെ.എൽ.എസ്.എസ്.എ സംസ്ഥാന പ്രസിഡന്റ് അനിൽ കുമാർ, എ.കെ.ജി.സി.ടി ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് റഫീക്ക് ടി, എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി ബിജുകുമാർ കെ, കെ.എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ് നിഷ ജാസ്മിൻ, കെ.എൻ.ടി.ഇ.ഒ ജനറൽ സെക്രട്ടറി ജുനൈദ്, എന്നിവർ അഭിവാദ്യം ചെയ്തു
വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ രാപ്പകൽ സമരത്തിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടന്നു. ഐ.എസ്.ആർ.ഒ കോർഡിനേഷൻ സെക്രട്ടറി ജി. ആർ പ്രമോദ്, കെ.ഡബ്ള്യൂ.എ.ഇ.യു സംസ്ഥാന ട്രഷറർ ഒ. ആർ ഷാജി, കെ.എസ്.എസ്.പി.യു സംസ്ഥാന ട്രഷറർ കെ. സദാശിവൻ നായർ, കെ.എസ്.ആർ.ടി.എ സംസ്ഥാന സെക്രട്ടറി നിരീഷ് എസ്.ആർ, കെൽട്രോൺ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആർ. സുനിൽ, കെ.എസ്.ഇ.ബി.ഡബ്ള്യൂ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ.എസ്, എൽ.ഐ.സി എംപ്ലോയീസ് യൂണിയന്റെ ഷെഫീഖ്, എ.കെ.ഡബ്ള്യൂ.എ.ഒ സംസ്ഥാന ട്രഷറർ രൺജീബ്. എസ്, കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.വിനോദ് കുമാർ, ബെഫി സംസ്ഥാന കമ്മിറ്റി അംഗം ബാബുരാജ് കെ.പി, കെ.സി.ഇ.യു ജില്ലാ സെക്രട്ടറി വി.എൻ വിനോദ് എന്നിവർ രാപ്പകൽ സമരത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
ലോകത്തിനു മുമ്പില്‍ വിസ്മയകരമായ മാതൃക സൃഷ്ടിച്ച ജനപക്ഷ ബദല്‍ നയങ്ങളിലൂടെ ആര്‍ജിച്ച നന്മകളെയും നേട്ടങ്ങളെയും ശക്തിപ്പെടുത്തി നവകേരള നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ മൂല്യങ്ങളെ അട്ടിമറിച്ച് സംസ്ഥാനങ്ങളുടെ അധികാരവും സമ്പത്തും കയ്യടക്കുന്ന ക്രേന്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ നിഷേധിച്ചും അര്‍ഹമായ സാമ്പത്തിക വിഹിതം തടഞ്ഞുവച്ചും കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്.
ഇടതുപക്ഷ സർക്കാരുകൾ എക്കാലവും സിവിൽ സർവീസിനെ ചേർത്തു പിടിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതന പരിഷ്കരണം നടക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അഞ്ചു വര്‍ഷ തത്വം അനുസരിച്ച് സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പന്ത്രണ്ടാം ശമ്പള പരിഷ്കരണം 1.7.2024 മുതല്‍ പ്രാബല്യം നല്‍കി നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ ശമ്പള പരിഷ്കരണ നടപടികള്‍ക്ക് ഇനിയും തുടക്കം കുറിച്ചിട്ടില്ല. ജീവനക്കാരുടെ വേതന പരിഷ്കരണം എന്ന ആവശ്യത്തോട് അനുഭാവപൂര്‍ണമായ നിലപാട് സ്വികരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സമയബന്ധിതമായി വേതന പരിഷകരണം നടപ്പാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഉറപ്പ് പാലിച്ച് കൃത്യമായ പ്രാബല്യ തീയതി മുതല്‍ പന്ത്രണ്ടാം ശമ്പള പരിഷ്കരണം എത്രയും വേഗം അനുഭവവേദ്യമാക്കണം. എല്ലാക്കാലത്തും ക്ഷാമബത്ത തർക്ക പ്രശ്നമാക്കാനും നീട്ടിക്കൊണ്ടുപോയി നിഷേധിക്കാനുമാണ് വലതുപക്ഷ സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്. ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കേണ്ട അഞ്ചു ഗഡു ക്ഷാമബത്ത നിലവിൽ കുടിശ്ശിക ആണ്. ഇതിനകം അനുവദിച്ച അഞ്ചു ഗഡു ക്ഷാമബത്തയുടെ പ്രബല്യ തീയതി മുതലുള്ള കുടിശ്ശികയും അനുവദിച്ചിട്ടില്ല.
നവലിബറല്‍ നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്താണ് രാജ്യത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിച്ചത്. വാര്‍ദ്ധകൃകാല പരിരക്ഷ അനിശ്ചിതത്വത്തിലാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയും ഗത്യന്തരമില്ലാതെ ചില സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു.പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ച ജീവനക്കാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം തിരികെ വേണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന്റെയും, പി എഫ് ആര്‍ ഡി എ യുടെയും നിഷേധാത്മക നിലപാട് പിന്മാറിയ സംസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കാനുള്ള പ്രക്ഷോഭം തുടരുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് ജീവനക്കാര്‍ക്കാകെ ഗുണകരമാകുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രാവര്‍ത്തികമായിട്ടില്ല. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്താകെ ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ ഏകദിന സത്യഗ്രഹവും സംഘടിപ്പിച്ചു.
