ഇത് ബിന്ദു 2800 ലധികം മൃതദേഹങ്ങളുടെ ഫോട്ടോ പകർത്തിയ കേരളത്തിലെ വനിത ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫർ. അതും കുളിപ്പിച്ചൊരുക്കി കിടത്തിയ മൃതദേഹങ്ങളല്ല. മറിച്ച് പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള, അഴുകിയതും ദ്രവിച്ചതും പുഴുവരിച്ചതുമായ മൃതദേഹങ്ങളായിരുന്നു അവയെല്ലാം. അതിനെയെല്ലാം ക്യാമറയിൽ പകർത്തി പകർത്തി ബിന്ദുവങ്ങനെ ചരിത്രം തൊട്ടു. കേരളത്തിലെ 14 ജില്ലകളിലും ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫറായ വനിതയെന്ന പേരിൽ.
വരുമാനത്തിന് വേണ്ടി മാത്രം ഒരു സ്റ്റുഡിയോക്കകത്തെ റിസപ്ഷനിസ്റ്റായി കയറികൂടിയ ബിന്ദു തരംപോലെ ക്യാമറ കൈകാര്യം ചെയ്യാൻ പഠിക്കുന്നു. സ്റ്റുഡിയോയിൽ സ്ഥിരമായി ഡെത്ത് ഫോട്ടോഗ്രഫി / ഇൻക്വസ്റ്റ് ഫോട്ടോഗ്രഫി നടത്തുന്ന ഷാഹുൽന് പകരമായി ബിന്ദുവിനൊരിക്കൽ മൃതദേഹം പകർത്താൻ പോകേണ്ടി വരുന്നു. പോലീസിനോടൊപ്പം പോലീസ് വാഹനത്തിലിരിക്കുമ്പോൾ താനൊരു പ്രതിയാണോ എന്ന് മറ്റുള്ളവർ കരുതുമോയെന്ന് ഭയക്കേണ്ടി വരുന്നു. തുടർന്നാ യാത്ര ഒരു വീടിന് മുന്നിലെത്തുകയും ആ വീട്ടിലെ അമ്മ കിണറ്റിലെറിഞ്ഞു കൊന്ന മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ക്യാമറയിൽ പകർത്തേണ്ടിയും വരുന്നു. കുഞ്ഞിന്റെ മൃതദേഹം കണ്ട മരവിപ്പ് വിട്ടുമാറാത്ത ബിന്ദു പ്രതിഫലം വാങ്ങാൻ മറക്കുകയും തിരികെ വാഹനത്തിൽ കയറി പൊട്ടികരയുകയും ചെയ്യുന്നു. ഇനിയൊരിക്കലും ഇതുപോലൊരു തൊഴിൽ ചെയ്യാൻ തന്നെ കൊണ്ടാവില്ലെന്ന് മനസിലാക്കിയ ബിന്ദുവിന് പക്ഷെയത് ഉപേക്ഷിക്കാനായില്ല. വീണ്ടും പോകേണ്ടി വന്നു. വീണ്ടും വീണ്ടും പോകേണ്ടി വന്നു. അങ്ങനെ അതൊരു തുടർച്ചയായി. പിന്നെയതിനോട് പതിയെ പൊരുത്തപ്പെട്ടു.
മരണപ്പെട്ട് 22 ദിവസത്തിന് ശേഷം കുഴിവെട്ടി പുറത്തെടുത്ത പൂർണ്ണഗർഭിണിയുടെ മൃതദേഹം, 7 ദിവസം കൊണ്ടഴുകി തുടങ്ങിയ നാലംഗ കുടുംബത്തിന്റ മൃതദേഹങ്ങൾ, അടഞ്ഞിട്ട മുറിയിലെ മൃതദേഹത്തിന്റെ ദുർഗന്ധങ്ങൾ, മൃദദേഹത്തിൽ നിന്ന് ഒലിച്ചിറങ്ങിയ അഴുക്കിൽ ചവിട്ടി തെന്നി പോയ സംഭവങ്ങൾ, മൃദദേഹത്തിലെ പുഴുക്കൾ തന്നിലേക്കരിച്ചു കയറുമ്പോഴതിനെ ആട്ടിയകറ്റിയ നിമിഷങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പെൺകുട്ടിയുടെ മൃതദേഹത്തെ പിന്നെയും പിച്ചികീറുന്ന വിധത്തിലുള്ള ആൾക്കൂട്ടത്തിന്റെ അശ്ലീല മുറുമുറുപ്പുകൾ എന്നിങ്ങനെ തുടങ്ങി ബിന്ദുവിന്റ ഓർമ്മകളെല്ലാം വളരെ മോശമാണ്. പക്ഷെ ചുവടുകൾ ധീരവും.
ബിന്ദുവിന്റെ ജീവിതമോ?
വർഷങ്ങളോളം ഒപ്പം ജീവിച്ച ഭർത്താവിന് താനറിയാത്ത മറ്റൊരു ബന്ധം കൂടിയുണ്ടെന്നൊരു സുപ്രഭാതത്തിൽ അറിയുന്നു. ഇനിയാ ബന്ധം തുടരരുതെന്ന നിബന്ധനയോടെ ബിന്ദുവയാളോട് ക്ഷമിക്കാൻ തയ്യാറാകുന്നു. പക്ഷെ അയാളാ ബന്ധം നിർത്താൻ തയ്യാറാകാതെ വന്നപ്പോൾ ഭർത്താവിനെ മറ്റൊരു സ്ത്രീക്ക് പകുത്തു നൽകാൻ തനിക്ക് താല്പര്യമില്ലെന്ന നിലപാടോടെ ബിന്ദു ആ ബന്ധം വീട്ടിറങ്ങി പോരുന്നു. ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയും അതിൽ നിന്ന് തലനാരിഴക്ക് രക്ഷപെടുകയും ചെയ്യുന്നു. ഉപേക്ഷിച്ചു പോയ ഭർത്താവ് ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും അയാളുടെ അച്ഛനെയും അമ്മയെയും അവരുടെ മരണം വരെയും നോക്കുന്നു.
എവിടെയൊക്കെയോ വൾനറബിളായി പോയ, ജീവിതം കൈവെടിയാൻ തീരുമാനിച്ച ബിന്ദുവങ്ങനെ ഉയർത്തെഴുന്നേറ്റു. സാധാരണ സ്ത്രീകൾ സഞ്ചരിക്കാത്ത വഴികളിലൂടെ നടന്നു. മനുഷ്യനെയും ശവങ്ങളെയും ഒരുപോലെ നേരിട്ടു. ദുർഗന്ധം വമിച്ച ഓരോ ശവത്തെയും കൂസലോടെ നോക്കി. ഇന്നൊരു ചതിവിന്റെയോ വഞ്ചനയുടെയോ പേരിൽ ജീവൻ കളയുന്ന മൃതദേഹങ്ങളെ നോക്കി ബിന്ദു പറഞ്ഞു ; ഒരാൾക്കും വേണ്ടി ജീവിതം കളയരുതെന്ന്. അതായത് കാലം അതവരെ പഠിപ്പിച്ചതാണ്.
ബിന്ദു പഠിപ്പിക്കുന്ന പാഠം ഇതൊക്കെയാണ്. ജീവിതത്തിൽ നമ്മൾ ഇമോഷണലി എത്രയൊക്കെ തകർന്നാലും അതിനർത്ഥം നമ്മളാരും ദുർബലരാണെന്നല്ല. നമ്മളൊക്കെ ശക്തരാണ്. ആ ശക്തിയെ/ മനക്കരുത്തിനെയൊക്കെ കാണിച്ചു ലോകത്തെ തന്നെ ഞെട്ടിക്കാൻ കഴിവുള്ളവരാണ്. അതേ നമ്മുടെ ലൈഫിലെ യഥാർത്ഥ ഹീറോ നമ്മൾ തന്നെയാണ് .സത്യത്തിൽ ഇങ്ങനെ ഒരു പോസ്റ്റ് കണ്ടപ്പോൾപത്രത്തിൽ അച്ചടിച്ചു വരണം എന്ന് ആഗ്രഹിച്ചു. ഒരു സ്ത്രീയുടെ കഷ്ടപ്പാടുകൾ അവർ സഹിച്ച വേദന ഒക്കെ അത് വായിച്ചപ്പോൾ/ എല്ലാവരും വായിക്കട്ടെ എന്ന് ആഗ്രഹിച്ചു.
കടപ്പാട് അനു ചന്ദ്ര എഫ് ബി പോസ്റ്റ്.