കൊല്ലം :എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേവിള പുന്തലത്താഴം ചെറുവിള വീട്ടില്‍ മോഹനന്‍ മകന്‍ ശരത്(30), വടക്കേവിള അയത്തില്‍ കക്കാടിവിളവീട്ടില്‍ മധുകുമാര്‍ മകന്‍ അരുണ്‍(27), എന്നിവരും ഡീസന്റ്മുക്ക് വെറ്റിലത്താഴത്ത് മുരളിസദനത്തില്‍ അനന്തുകൃഷ്ണനും(29) ആണ് രണ്ട് കേസുകളിലായി കൊട്ടിയം പോലീസിന്റെ പിടിയിലായത്. ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൊട്ടിയം പോലീസും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഡീസന്റ്മുക്കിക്ക്-കോടലിമുക്കിന് സമീപമുള്ള അടഞ്ഞുകിടക്കുന്ന കടയുടെ പരിസരത്തുനിന്നാണ് 2.05 ഗ്രാം എം.ഡി.എം.എയുമായി അനന്തുകൃഷ്ണനെ പിടികൂടുന്നത്.
തൂടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ശരത്തിനെയും അരുണിനെയും കിഴവൂര്‍ മദ്രസക്ക് സമീത്ത് നിന്നും 11.78 ഗ്രാം എം.ഡി.എം.എയുമായി പിടികൂടുകയായിരുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ എം.ഡി.എം.എ പിടികൂടിയ കേസിലും ശരത്ത് പ്രതിയായിരുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാനായി എത്തിച്ച മാരക മയക്ക് മരുന്നാണ് പോലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. കൊല്ലം സിറ്റി പോലീസ് ജില്ലയെ ലഹരി സംഘങ്ങളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ‘മുക്ത്യോദയം’ എന്ന ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. കൊട്ടിയം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ രഞ്ചുനാദ്, സിപഒ മാരായ പ്രശാന്ത്, ശഭു എന്നിവരും എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.