തൃശൂർ:- സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സി – ഡിറ്റിൽ ജീവനക്കാരായ 228 പേരെ അകാരണമായി പിരിച്ചുവിട്ട ഡയറക്ടറുടെ നടപടി തികച്ചും തൊഴിലാളിവിരുദ്ധവും തൊഴിൽ നിയമലംഘനവുമാണന്ന് സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയും എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയുമായ കെ ജി ശിവാനന്ദൻ പറഞ്ഞു. എ ഐ ടി യു സി യുടെ നേതൃത്വത്തിൽ തൃശ്ശൂർ ടൗണിൽ നടത്തിയ സമരസന്ദേശ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി-ഡിറ്റ് ജീവനക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടിട്ട് 77 ദിവസം പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലെ തൊഴിൽ തർക്ക നിയമത്തിന്റെ നഗ്നമായ ലംഘനമാണ് അധികാരികൾ നടത്തിയിട്ടുള്ളത്. 18 വർഷം വരെ ജോലി ചെയ്തവരെയെല്ലാം ഒറ്റയടിക്ക് ജോലിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണിത്. ഈ വിഷയത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും പിരിച്ചുവിട്ട തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി നേതാക്കളായ പി.കെ.കൃഷ്ണൻ, ജെയിംസ് റാഫേൽ, എം. രാധാകൃഷ്ണൻ, കെ.കെ. ശിവൻ, പി.ഡി. റെജി, വി.ആർ. മനോജ്, എ.എസ്.സുരേഷ് ബാബു, സ്മിത വിജയൻ, പി.പി. ശൈലേഷ്, എ.ആർ. രജിത്ത്, പി.കൃഷ്ണനുണ്ണി, സി.ആർ. റോസിലി എന്നിവർ പ്രസംഗിച്ചു. കെ.എൻ. രഘു സ്വാഗതവും ഐ.സതീഷ് കുമാർ നന്ദിയും പറഞ്ഞു.
അഡ്വ. എം.ഇ. എൽദോ, പി.കെ. റഫീക്ക്, എ.കെ. അനിൽകുമാർ , എം.യു കബീർ, എം നാരായണദാസ്, കെ.കെ.സുധീർ, ബാബു ചിങ്ങാരത്ത്, സാറാബി ഉമ്മർ, ഷീജ ബഷീർ, എ.ആർ. റസൽ, പ്രതീഷ് ഇ എസ് എന്നിവർ നേതൃത്വം നൽകി.