“കിനാനൂര്‍ സ്മാര്‍ട്ട് വില്ലേജ് കെട്ടിട പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു”

നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ റവന്യൂ കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് റവന്യൂ – ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഡിജിറ്റല്‍ റീ സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുള്ള എല്ലാ വില്ലേജുകളിലും നവംബര്‍ ഒന്ന് മുതല്‍ റവന്യൂ കാര്‍ഡ് ലഭ്യമാക്കും. ക്യു ആര്‍ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പറുള്ള കാര്‍ഡ് വഴി വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭ്യമാകേണ്ട ഭൂമിയുടെ വിവരങ്ങള്‍, കെട്ടിടത്തിന്റെ വിശദാംശങ്ങള്‍, ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ വില്ലേജുകളും സ്മാര്‍ട്ട് ആക്കുക, എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ കടക്കുന്നതന്നും ഇതിനോടകം തന്നെ കേരളത്തിലെ 37 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി.. സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ മുഖേന നല്‍കുന്ന 23 സേവനങ്ങളില്‍ 21നും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനും സേവനം ലഭ്യമാക്കാനുമുള്ള ഉള്ള സൗകര്യം ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ രാജ്യം ആകാംക്ഷയോടെയാണ് നോക്കുന്നത്. ഡിജിറ്റല്‍ റിസര്‍വ്വേയുടെ ഭാഗമായി ജൂണ്‍ 25 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന നാഷണല്‍ കോണ്‍ക്ലെവിലേക്ക് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ കാര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വിഭാഗം നടപ്പിലാക്കുന്ന പദ്ധതി വളരെ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷൈജമ്മ ബെന്നി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ കുമാരന്‍, സി.വി സുഗേഷ് കുമാര്‍, മനോജ് തോമസ്, എസ് കെ ചന്ദ്രന്‍, രാഘവന്‍ കൂലേരി, പി.ടി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ലിപു എസ്. ലോറന്‍സ് സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ പി.വി മുരളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *