പഞ്ചായത്ത് രാജിനെ ദുര്‍ബലപ്പെടുത്താന്‍
സിപിഎം ശ്രമം: സണ്ണി ജോസഫ് എംഎല്‍എ
പഞ്ചായത്ത് രാജിനെ ദുര്‍ബലപ്പെടുത്താനാണ് പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഇടതുസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഫണ്ട് അനുവദിക്കുന്നില്ല. അശാസ്ത്രീയവും ഏകപക്ഷീയവുമായി വാര്‍ഡ് വിഭജനം നടപ്പാക്കുന്നു. ഭരണകക്ഷിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് വാര്‍ഡ് വിഭജനം നടത്തിയത്. ചെരുപ്പിന് അനുസരിച്ച് കാലുമുറിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെത്. ഇതിനെതിരെ സമര്‍പ്പിച്ച പരാതികളില്‍ അന്വേഷണവും ഹിയറിങ്ങും പ്രഹസനമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ തദ്ദേശ വാര്‍ഡ് വിഭജനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും.
മഹാത്മാഗാന്ധിയുടെ സ്വപ്‌നമായിരുന്ന അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് നഗരപാലിക ബില്ല് കൊണ്ടുവന്നു. അത് ലോക്‌സഭയില്‍ പാസായെങ്കിലും സിപിഎം ഉള്‍പ്പെടെ എതിരായി വോട്ട് ചെയ്ത് രാജ്യസഭയില്‍ ബില്ലിനെ പരാജയപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് സംവരണവും പതിനെട്ട് വയസുതികഞ്ഞ എല്ലാവര്‍ക്കും വോട്ടവകാശവും നല്‍കിയത് രാജീവിന്റെ വിപ്ലവകരമായ നടപടികളായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.