നൂറനാട്: വായിക്കാനൊരു പുസ്തകമോ പത്രമോ ആനുകാലിക പ്രസിദ്ധീകരണമോ ലഭിക്കാൻ സാദ്ധ്യതയില്ലാതിരുന്ന ഒരു അരക്ഷിത ബാല്യകാലം എനിക്കുണ്ടായിരുന്നു. ഏഴ് മക്കളുള്ള വീട്ടിലെ വറുതിതന്നെ പ്രധാന കാരണം. പുസ്തകം ഭക്ഷണംപോലെ അവശ്യഘടകമെന്നു ചിന്തിക്കാൻ മാതാപിതാക്കൾക്ക് എവിടെ നേരം. വായിച്ചറിയാനുള്ള വ്യഗ്രതകൊണ്ടാവണം ചെറിയ പ്രായത്തിൽ മറ്റപ്പള്ളി എന്ന ഓണംകേറാഗ്രാമത്തിലെ ചായക്കടകളിലും മാടക്കടകളിലും പോയിരുന്ന് ദിനപത്രം ഉറക്കെ വായിച്ചു ശീലിച്ചത്. പിന്നീട് ‘കേരള കൗമുദി’ പത്രം അച്ഛൻ വീട്ടിൽ വരുത്താൻ തുടങ്ങി.
ഒരു ബാലമാസിക കൈയിൽ കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അക്കാലത്ത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെയുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് ഒന്നു കാണുന്നതുതന്നെ.
മറ്റപ്പള്ളിയിൽ അന്നും ഇന്നും ഒരു വായനശാലയില്ല. ആശാൻകലുങ്കിലുള്ള ‘കവിത’ വായനശാലയും, ആദിക്കാട്ടുകുളങ്ങര ‘ജനത’ വായനശാലയും, പണയിലെ പഞ്ചായത്ത് ലൈബ്രറിയും എന്റെ വായനശാലകളായത് കൗമാരകാലത്താണ്. കുറേ മുതിർന്നപ്പോൾ നൂറനാട് ലെപ്രസി സാനട്ടോറിയത്തിലെ അതിവിപുലമായ ഗ്രന്ഥശാലയെ ഞാനാശ്രയിച്ചു. സൈക്കിൾ ചവിട്ടിയാണ് വായനശാലകളിലേക്ക് പോകുക.
ഒരുകാലത്ത് കോട്ടയം വാരികകളുടെ സ്ഥിരം വായനക്കാരനായിരുന്നു ഞാൻ. പിന്നീട് അവയിൽ കഥകളെഴുതിത്തുടങ്ങി.
കൊല്ലത്തുനിന്നുള്ള കുങ്കുമം, കുമാരി, നാനാ, കേരളശബ്ദം വാരികകളും വാങ്ങിയിരുന്നു.
1986ൽ ‘ഉൺമ’ മിനിമാസിക ആരംഭിച്ചശേഷം എന്നെത്തേടി ധാരാളം ആനുകാലിക/ സമാന്തര പ്രസിദ്ധീകരണങ്ങൾ വരാൻ തുടങ്ങി.
കഴിഞ്ഞ 40 വർഷമായി ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ വന്നെത്തുന്ന ഒരു വീട് ഇന്നാട്ടിൽ എന്റേതാണെന്ന് ഞാൻ കരുതുന്നു. നൂറുകണക്കിന് പ്രസിദ്ധീകരണങ്ങൾ… അവയിൽ പലതും കാലാന്തരത്തിൽ നിലച്ചുപോയി. ഇപ്പോഴും നിത്യേനെ പോസ്റ്റുമാൻ ‘കിളിപ്പാട്ടി’ലേക്ക് കടന്നുവരുന്നത് ഒരുകെട്ട് പ്രസിദ്ധീകരണങ്ങളുമായാണ്.
ഒരു വാരിക വാങ്ങി വായിക്കാൻ നിവർത്തിയില്ലാതിരുന്ന, ഒരു പുസ്തകം സ്വന്തമായി വാങ്ങാൻ പാങ്ങില്ലാതിരുന്ന എന്റെ ജീവിതം കാലങ്ങൾക്കുശേഷം എത്തപ്പെട്ടത് പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വലിയ ലോകത്താണ്. സ്വന്തമായൊരു പുസ്തകലൈബ്രറി, വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വിപുലശേഖരം… വീടിനകം മുഴുവൻ മാസികകളും പുസ്തകങ്ങളുമാണ് ഇപ്പോഴും.
ഒടുങ്ങാത്ത വായനക്കൊതി മനസ്സിൽ കൊണ്ടുനടന്ന പണ്ടത്തെ ആ പയ്യൻ യൗവ്വനാരംഭത്തിൽ ‘ഉൺമ’ മാസിക തുടങ്ങി അതിന്റെ പത്രാധിപരായി, നൂറുകണക്കിനു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രസാധകനായി, നാടുമുഴുവൻ അലഞ്ഞുനടന്ന് ജനങ്ങളെ വായിക്കാനും എഴുതാനും പ്രേരിപ്പിക്കുന്ന സാംസ്കാരിക പ്രവർത്തകനായി, എഴുത്തുകാരനായി, ചെറുപ്പത്തിൽ തന്നെ നാടുതോറും ഓടിനടന്ന് പ്രസംഗിക്കുന്നവനായി….
കാലം ഒരാളെ എങ്ങനെയൊക്കെ ആക്കിത്തീർക്കുന്നുവെന്നതിന് ഈയുള്ളവന്റെ ചെറിയ ജീവിതം ഉദാഹരണമായി എവിടെയൊക്കെയോ അടയാളപ്പെടുന്നത് വിനയപൂർവ്വം ഞാൻതന്നെ നോക്കിക്കാണാറുണ്ട്.
ഒരായുസ്സ് മുഴുവൻ അക്ഷരങ്ങൾക്കൊപ്പം ജീവിച്ചു. പുസ്തകം എന്നിലെ മനുഷ്യനെ നിർമ്മിക്കുകയും, കൊച്ചൊരു ജീവിതം സമ്മാനിക്കുകയും ചെയ്തുവെന്നു വിശ്വസിക്കുന്നു.
വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പുകലർന്ന അക്ഷരോർമ്മകൾ ഒത്തിരിയുണ്ട് മനസ്സിന്റെ നെരിപ്പോടിൽ…!
-നൂറനാട് മോഹൻ