തിരുവനന്തപുരം:സംസ്ഥാനത്ത് ഇപ്പോൾ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖ ആയാണ് കാർഡ് നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവിൽ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സർക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയും ഇക്കാര്യത്തിൽ വന്നിട്ടുണ്ട്. കാർഡ് വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നൽകുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുവാൻ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തി.
സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡിനെ ഉപയോഗപ്പെടുത്താനാകും.
