വെള്ളരിമല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക : ജോയിൻ്റ് കൗൺസിൽ

വയനാട്:ചൂരൽമലയിൽ മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്ത് ഫീൽഡ് പരിശോധനയിൽ ഏർപ്പെട്ടിരുന്ന വെള്ളരിമല വില്ലേജ് ഓഫിസറെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. പ്രകൃതിക്ഷോഭ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ടൗൺഷിപ്പ് നിർമ്മാണവും, പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തികൾ അതിവേഗം നടപ്പിലാക്കുന്നതിന് മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ദുരന്ത ദിനം മുതൽ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സർക്കാർ അതിവേഗം നടപ്പിലാക്കിവരുന്ന പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന് കഠിന പ്രയത്നം നടത്തി വരുന്ന സർക്കാർ ജീവനക്കാർക്കെതിരെയുണ്ടാകുന്ന ആക്രമണം സർകാരിൻ്റെ പ്രതിഛായ തകർക്കുന്നതിനുള്ള ഗൂഢ നീക്കത്തിൻ്റെ ഭാഗമാണെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജോയിൻ്റ് കൗൺസിൽ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് നിർഭയമായും, സ്വതന്ത്രമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പ്രിൻസ് തോമസ് പ്രതിഷേധ യോഗം ഉദ്ഘാഘടനം ചെയ്തു. കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ ജില്ലാ പ്രസിഡൻ്റ് റഷീദ പി പി, ജില്ലാ സെക്രട്ടറി ലിതിൻ ജോസഫ്,ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ റേണകുമാർ കെ ജി,വിനോദ് പി എൻ, പ്രജിത്ത് ബി,ജോയിൻ്റ് കൗൺസിൽ മേഖല സെക്രട്ടറി അനീഷ് കുമാർ പി ടി എന്നിവ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *