പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേലിൻ്റെ യുദ്ധം അവസാനിപ്പിക്കണം – പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം:ഭീകരതയെ ചെറുക്കാനെന്ന വ്യാജേന സ്ത്രീകളും കുട്ടികളുമടക്കം പലസ്തീൻ ജനതയെ ഒന്നടങ്കം കൊന്നൊടുക്കുന്ന ഇസ്രായേലിൻ്റെ കിരാത യുദ്ധ നടപടികൾ ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യരാശിയെ ചുട്ടുകരിക്കുന്ന ഈ യുദ്ധം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കാൻ വേണ്ട നടപടികളുണ്ടാകണമെന്ന് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) ജില്ലാ കൗൺസിലും നാഷണൽ കോളേജും ചേർന്ന് സംഘടിപ്പിച്ച ലോകസമാധാന ദിനാചരണത്തോടനുബന്ധിച്ചുള്ള പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.

ഐപ്സോ ജില്ലാ പ്രസിഡൻ്റ് അഡ്വ. ജി. സുഗുണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസീഡിയം അംഗം സി.പി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. യുദ്ധം അനിവാര്യ ഘടകമല്ലെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ലോകനേതാക്കൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകസമാധന ശ്രമങ്ങൾക്ക് ഐപ്സോ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി അഡ്വ. എം.എ. ഫ്രാൻസീസ് കുട്ടികളോട് വിശദീകരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ, ഐപ്സോ ദേശീയ കൗൺസിൽ അംഗം കെ. ദേവകി ടീച്ചർ, സംസ്ഥാന കൗൺസിൽ അംഗം പ്രസീദ് പേയാട് എന്നിവർ സംസാരിച്ചു. ഐപ്സോ ജില്ലാ കൗൺസിൽ അംഗങ്ങളായ സിന്ധു. പി. എസ്, സതീശൻ, ബൈജു, കോളേജ് അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.