തിരുവനന്തപുരം:അഴിമതിക്കെതിരെ വലിയ ജനകീയ കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ക്വിറ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാഭിമാന സദസ്സുകള്‍ സംഘടിപ്പിച്ചു. സ്വാഭിമാന സദസ്സുകളില്‍ വച്ച് അഴിമതിക്കെതിരായ സോഷ്യല്‍ ആഡിറ്റിംഗിനും സംസ്ഥാനത്ത് തുടക്കം കുറിച്ചു. അഴിമതിക്കാരായ ന്യൂനപക്ഷം വരുന്ന ജീവനക്കാര്‍ സിവില്‍ സര്‍വീസിനാകെ അവമതിപ്പ് സൃഷ്ടിക്കുന്ന കാലത്ത് ജനകീയ സിവില്‍ സര്‍വീസിന്റെ പ്രാധാന്യവും സന്ദേശവും ഉയര്‍ത്തിയാണ്. സ്വാഭിമാന സദസ്സുകള്‍ ചേര്‍ന്നത്. സര്‍വീസ് സംഘടനാ രംഗത്തെ കുലപതിയായിരുന്ന സ.എം.എന്‍.വി.ജി.അടിയോടിയുടെ 19-ാം സ്മൃതിവര്‍ഷാചരണത്തിന്റെ ഭാഗമായാണ് അഴിമതിക്കെതിരായ സമരത്തിന് തുടക്കം കുറിച്ചത്. സിവില്‍ സര്‍വീസ് സത്യസന്ധത, ഉത്തരവാദിത്തം, സുതാര്യത എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമ്പോഴാണ് ഭരണകൂടം മുന്‍ വയ്ക്കുന്ന വികസന കാഴ്ചപ്പാടും ജനക്ഷേമവും യാഥാര്‍ത്ഥ്യമാവുകയുള്ളൂ. അഴിമതിയില്ലാത്ത പൊതു സാമൂഹ്യ ചുറ്റുപാട് രൂപപ്പെടുത്തിയെടുക്കാനും സിവില്‍ സര്‍വീസിനെ അഴിമതിമുക്തമാക്കാനും നിയമനടപടികള്‍ കൊണ്ട് മാത്രം സാദ്ധ്യമാകില്ല എന്നതിന്റെ ഉദാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ 22000 ല്‍പ്പരം ജീവനക്കാര്‍ ഒരു ചെറിയ കാലയളവിനുളളില്‍ അഴിമതികേസുകളില്‍ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായത്. ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭരണകൂടവും സിവില്‍ സര്‍വീസും ജനക്ഷേമം ഉറപ്പുവരുത്താന്‍ സുതാര്യഭരണ നിര്‍വ്വഹണം സാധ്യമാക്കാന്‍ ആവുംവിധം പരിശ്രമിക്കുന്നുണ്ടെങ്കിലും അഴിമതി കേസുകളില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം ആയിരത്തിനടുത്തു വരും. നിയമത്തിന്റെ കുറുക്കുവഴികളിലൂടെ വിചാരണ പൂര്‍ത്തിയായി വരുമ്പോള്‍ പലരും രക്ഷപ്പെടുകയും ചെയ്യുന്നത് പതിവാണ്. അഴിമതിക്കാരെ കണ്ടെത്താനും അഴിമതി തടയാനും ജീവനക്കാരുടെയും പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ഇ- ഗവേണന്‍സും ഡിജിറ്റല്‍ സൗകര്യങ്ങളും അഴിമതിയുടെ പഴുതടയ്ക്കുവാന്‍ സഹായകമായെങ്കിലും ഓഫീസുകളില്‍ അഴിമതിക്കെതിരെ ശബ്ദം ഉയരണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഓഫീസിന്റെ പ്രവര്‍ത്തനവും ഓരോ ജീവനക്കാരന്റെ പ്രവര്‍ത്തിയും നിരീക്ഷണത്തിന് വിധേയമാക്കി സോഷ്യല്‍ ആഡിറ്റിംഗ് നടത്താന്‍ ജോയിന്റ് കൗണ്‍സില്‍ ശ്രമിക്കുന്നത്. അഴിമതിക്കാരെ ഒറ്റപ്പെടുത്താനും അഴിമതിക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനും നടപടി വേണമെന്ന് ജോയിന്റ് കൗണ്‍സില്‍ സോഷ്യല്‍ ആഡിറ്റിംഗിലൂടെ ആവശ്യപ്പെടുന്നു.
സ്വാഭിമാന സദസ്സിന്റെയും സോഷ്യല്‍ ആഡിറ്റിംഗിന്റെയും സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പബ്ലിക് ഓഫീസില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ എസ്.സജീവ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലും വൈസ് ചെയര്‍മാന്‍മാരായ ആര്‍.രമേശ് പത്തനംതിട്ടയിലും വി.സി.ജയപ്രകാശ് എറണാകുളത്തും സംസ്ഥാന സെക്രട്ടറിമാരായ കെ.മുകുന്ദന്‍ പാലക്കാടും നരേഷ്‌കുമാര്‍ കുന്നിയൂര്‍ കാസര്‍ഗോഡും സ്വാഭിമാന സദസ്സുകള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അടിയോടി അനുസ്മരണവും സംഘടിപ്പിച്ചു. ഇന്ന് (ഒക്‌ടോബര്‍ 26) ന് കോഴിക്കോട് പന്തീരാങ്കാവ് അടിയോടി സ്മൃതികുടീരത്തില്‍ അടിയോടി അനുസ്മരണം നടത്തുകയും സംസ്ഥാന ചെയര്‍മാന്‍ എസ്.സജീവ് അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും.
ക്വിറ്റ് കറപ്ഷന്‍ – അഴിമതിക്കെതിരെ 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ സ്വാഭിമാന സദസ്സ് നടത്തി.
