വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി തുറമുഖ കമ്പനി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നല്‍കി പണം തട്ടുന്നതായി പരാതികള്‍ ഉയർന്നിരുന്നു.

ഇ-മെയില്‍, വാട്ട്സാപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി ഉദ്യോഗാർത്ഥികളില്‍ പണം വാങ്ങുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ നിയമനങ്ങള്‍ക്കായി ഒരു ഏജൻസിയേയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങള്‍ പ്രമുഖ മാധ്യമങ്ങളിലും കമ്ബനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴില്‍ പരസ്യങ്ങളില്‍പ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്ബനി വ്യക്തമാക്കി.

വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളില്‍പ്പെട്ട് ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കമ്ബനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖത്ത് ഒഴിവുണ്ടെന്ന തരത്തില്‍ ഒഎല്‍എക്സ് ആപ്പില്‍ പരസ്യം വന്നിരുന്നു. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പരസ്യം പ്രത്യക്ഷപ്പെട്ടു. തുറമുഖ കമ്ബനി അധികൃതർ പരാതി നല്‍കിയതോടെ ഇത് അപ്രത്യക്ഷമായി. പരസ്യത്തില്‍ നല്‍കിയ മൊബൈല്‍ നമ്ബരില്‍ ബന്ധപ്പെടുമ്ബോള്‍ സ്വിച്ച്‌ ഓഫ് ആണ്. ഈ നമ്ബർ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *