തിരുവനന്തപുരം:സര്‍ക്കാര്‍ ഓഫീസുകളില്‍ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന കണ്ടിജന്റ് ജീവനക്കാര്‍ക്ക് കഴിഞ്ഞ 3 മാസത്തിലധികമായി ശമ്പളം മുടങ്ങിയ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നും ഓണക്കാലത്ത് പാവപ്പെട്ട തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ പറഞ്ഞു. ആഫീസുകളില്‍ സ്ഥിരം ജീവനക്കാരുടെ ശമ്പളം മാറുന്ന പ്രധാന ശീര്‍ഷകത്തില്‍ അവര്‍ക്കൊപ്പമാണ് കഴിഞ്ഞ കാലങ്ങളില്‍ കാഷ്വല്‍ കണ്ടിജന്റ് ജീവനക്കാരുടെയും ശമ്പളം മാറി നല്‍കിയിരുന്നത്. എന്നാല്‍ ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം കാഷ്വല്‍ കണ്ടിജന്റ് ജീവനക്കാര്‍ക്ക് പ്രത്യേക ഹെഡ് മാറി നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പല ഓഫീസുകളിലും 3 മാസത്തിലധികമായി ശമ്പളം നല്‍കിയിട്ടില്ല തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുടുംബത്തെ പട്ടിണിക്കിടുന്ന പ്രത്യേക ഉത്തരവ് അങ്ങേയറ്റം തൊഴിലാളിവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഇടതുപക്ഷസമീപനം അട്ടിമറിക്കുന്ന നടപടി അടിയന്തരമായി പിന്‍വലിച്ച് ഓണത്തിനു മുമ്പ് മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ട്രഷറി ഡയറക്ടറേറ്റിലേക്ക് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ പട്ടിണി മാര്‍ച്ച് കെ.പി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടേറിയറ്റംഗങ്ങളായ ഹരിദാസ് ഇറവങ്കര, പി.ശ്രീകുമാര്‍, എന്‍.കൃഷ്ണകുമാര്‍, ആര്‍.സിന്ധു, വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.സി.എസ്.ഒ.എഫ് ജനറല്‍ സെക്രട്ടറി രാജപ്പന്‍ നായര്‍ സ്വാഗതവും ജോയിന്റ് കൗണ്‍സില്‍ തിരു.നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍.സരിത, റ്റി.അജികുമാര്‍, വി.ശശികല, ജി.സജീബ്കുമാര്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവ്, സൗത്ത് ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ധനകാര്യ മന്ത്രിയുടെ ആഫീസിൽ നിന്ന് ടി. വിഷയത്തിന് അടിയന്തിര പരിഹാരം എത്രയും നടപ്പാക്കുമെന്ന് അറിയിച്ചതായ് സംഘടന ജനറൽ സെക്രട്ടറി കെ. പി ഗോപകുമാർ അറിയിച്ചു.