തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശികയും സറണ്ടറും ശമ്പള പരിഷ്കരണ കുടിശ്ശികയുമെല്ലാം കവർന്നെടുത്ത് സർക്കാർ സാലറി ചലഞ്ചിനെ വെല്ലുന്ന സാമ്പത്തികകൊള്ള നടത്തുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
വിവിധ ആനുകൂല്യ നിഷേധത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന പട്ടിണി സമരത്തിനോടനുബന്ധിച്ചുള്ളസെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാലറി ചലഞ്ചിനെ വെല്ലുന്ന രീതിയിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ അവരുടെ അറിവോ സമ്മതമോ കൂടാതെ കവർന്നെടുക്കുന്ന ശൈലിയാണ് ഇപ്പോൾ സർക്കാർ പിന്തുടരുന്നത്.
2022 ജൂലൈയിൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ചതിൽ മുൻ ഉത്തരവുകൾ പോലെ ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം ഇത്തവണയും ഇല്ലാതാക്കി. ഇതോടെ 37 മാസത്തെ കുടിശ്ശികയാണ് നഷ്ടപ്പെട്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ അനുവദിച്ച 4 ഗഡുക്കളിലായി 154 മാസത്തെ കുടിശ്ശിക കവർന്നെടുത്തു. വിവിധ തസ്തികകളിലുള്ളവരുടെ നഷ്ടം ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ്. ഈ ഇനത്തിൽ ഇരുപതിനായിരം കോടി രൂപയാണ് സർക്കാർ അപഹരിച്ചത്.
6 ഗഡുക്കളിലായി 17% ക്ഷാമബത്ത ഇനിയും കുടിശ്ശികയാണ്. മൂന്നുവർഷമായി ക്ഷാമബത്ത അനുവദിക്കാതെ പതിനയ്യായിരം കോടി രൂപ പിടിച്ചെടുത്തു. അങ്ങനെ ക്ഷാമബത്ത ഇനത്തിൽ മാത്രം 35,000 കോടി രൂപ അപഹരിക്കപ്പെട്ടു.
ക്ഷാമബത്ത അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം നിഷേധിക്കുന്നത് സർക്കാർ സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്. 2019 ലെ ശമ്പളപരിഷ്കരണത്തിലും സർക്കാർ ക്ഷാമബത്തയും കുടിശ്ശികയും അടിച്ചുമാറ്റി. ആറു വർഷമായി ലീവ് സറണ്ടർ ലഭിക്കുന്നില്ല.
യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിച്ചിരുന്നെങ്കിൽ ഇന്നത് വെറും അഞ്ച് ദിവസത്തെ ശമ്പളം മാത്രമായി പരിമിതപ്പെട്ടു. ബോണസ് അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താത്തതുമൂലം 10 ശതമാനത്തിൽ താഴെ ജീവനക്കാർക്ക് പോലും ഇപ്രാവശ്യവും ബോണസ് ലഭിക്കില്ല.
ബോണസിന്റെ കാര്യത്തിലും സർക്കാർ കൊള്ള തുടരുകയാണ്.
മെഡിസെപ്പ് നടപ്പിലാക്കി മൂന്നുവർഷം കഴിഞ്ഞപ്പോൾ പരാതികളുടെ പ്രളയമാണ് ഉണ്ടായത്. ഒന്നും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വീണ്ടും രണ്ടു വർഷത്തേക്ക് കരാർ പുതുക്കുകയാണ്. ആദ്യവർഷത്തിൽ 50% പ്രീമിയം കുത്തനെ കൂട്ടുന്നു. അടുത്ത വർഷവും വർദ്ധിപ്പിക്കുമെന്ന് പറയുന്നു.
ഇപ്പോൾ 6000 രൂപ പ്രീമിയം നൽകിയിരുന്നത് ഒൻപതിനായിരം രൂപയായി വർദ്ധിക്കുകയാണ്. ഇതിന് തക്ക പരിരക്ഷ കൊടുക്കാൻ ഇൻഷുറൻസ് കമ്പനികളെ പ്രേരിപ്പിക്കാൻ സർക്കാരിന് കഴിയാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. മെഡിസെപ്പിൽ സർക്കാർ വിഹിതം നിർബന്ധമായും ഉറപ്പാക്കണം.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അധികാരത്തിലെത്തി 10 വർഷം ആകുമ്പോഴും ഇനി പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് വീമ്പിളക്കുകയാണ്.
അഞ്ചു വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണതത്വമനുസരിച്ച് കഴിഞ്ഞവർഷം ശമ്പളം പരിഷ്കരിക്കേണ്ടതായിരുന്നു. എന്നാൽ ഇതിനായി ഒരു കമ്മീഷനെ വയ്ക്കാൻ പോലും തയ്യാറായിട്ടില്ല.
തിരഞ്ഞെടുപ്പുകൾ അടുത്ത് വരുമ്പോൾ മൂന്ന് വർഷം മുമ്പുള്ള ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് ഓണസമ്മാനം എന്ന് വീമ്പിളക്കുന്ന സർക്കാർ ജീവനക്കാരെ ഇളിഭ്യരാക്കുകയാണെന്നും അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു.
ആര്യനാട് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.
വി എസ് രാകേഷ്, ജോർജ്ജ് ആൻ്റണി, വെള്ളറട മുരളി, അരുൺ ജി ദാസ്, യു എസ് സണ്ണി, ഷൈജി ഷൈൻ, എസ് ഷിബു കുമാർ, എസ് എസ് സജി, കെ സജീവ്, കല്ലമ്പലം സനൂസി, ജി ഹരികുമാർ, എൻ പി അനിൽകുമാർ, നിതീഷ്കാന്ത്, ഷൈൻകുമാർ ബി എൻ, അഖിൽ എസ് പി, ഷിബി എൻ ആർ, ലിജു എബ്രഹാം, അനൂജ് രാമചന്ദ്രൻ, ആർ കെ ശ്രീകാന്ത്, എസ് സമീർ, ലിജി ദേവരാജ് എന്നിവർ തുടർന്ന് സംസാരിച്ചു.