2014ല്‍ പിണറായി ഇത് പറഞ്ഞപ്പോള്‍ പി കെ വി അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടും പി കെ വി മുഖ്യമന്ത്രി പദം ഉടന്‍ ഒഴിഞ്ഞില്ലെന്ന് പറഞ്ഞ് പി കെ വിയെ പരിഹസിച്ചത് പിണറായി വിജയനാണ്. 2014ല്‍ പിണറായി ഇത് പറഞ്ഞപ്പോള്‍ പി കെ വി അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരുന്നു. പാര്‍ട്ടി തീരുമാനിച്ചിട്ടും സോമനാഥ് ചാറ്റര്‍ജി സ്‍പീക്കര്‍ സ്ഥാനം വിട്ടില്ല എന്നായിരുന്നു പിണറായിയുടെ പരിഹാസത്തിന് പന്ന്യന്‍ രവീന്ദ്രന്‍ നല്‍കിയ മറുപടി.

എന്തായിരുന്നു യാഥാര്‍ത്ഥ്യം?

1978 ഏപ്രിലില്‍ പഞ്ചാബില്‍ നടന്ന സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞ സിപിഐ ഇന്ദിരാ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാനും തീരുമാനമെടുത്തു. പക്ഷേ പികെവി രാജി വയ്‍ക്കുന്നത് 1979 ഒക്‍ടോബറിലായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുത്തപ്പോള്‍ കേരളത്തില്‍ ആന്റണി ഉള്‍പ്പെട്ട കോണ്‍ഗ്രസ് (യു) അഥവാ ഔദ്യോഗിക കോണ്‍ഗ്രസുമായിട്ടായിരുന്നു സിപിഐയുടെ സഖ്യം. അടിയന്തരാവസ്ഥയ്‍ക്ക് ശേഷം 1978 ജനുവരി രണ്ടിനാണ് ഇന്ദിരാ കോണ്‍ഗ്രസ് അഥവാ കോണ്‍ഗ്രസ് (ഐ) രൂപീകൃതമാവുന്നത്. 1978ല്‍ ചിക്കമഗ്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ പിന്തുണയ്‍ക്കാനുള്ള ഔദ്യോഗിക കോണ്‍ഗ്രസ് പക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വയ്‍ക്കുന്നതും പി കെ വി മുഖ്യമന്ത്രി ആകുന്നതും. അന്നത്തെ കക്ഷിനില പരിശോധിച്ചാല്‍ 23 സീറ്റുള്ള സിപിഐ യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 20 സീറ്റും സിപിഎമ്മിന് 17 സീറ്റും.

എന്നാല്‍ മന്ത്രിസഭയിലേക്ക് സിപിഐ എമ്മും വരണമെന്നായിരുന്നു സിപിഐ ആഗ്രഹിച്ചത്. എം എന്നും എന്‍ ഇ ബലറാമും ഇ എം എസിനെ കണ്ട് ക്ഷണിച്ചെങ്കിലും സിപിഐ നയിക്കുന്ന മന്ത്രിസഭയില്‍ ചേരാന്‍ ഇ എം എസിന് താല്‍പര്യമുണ്ടായിരുന്നില്ല. നിയമസഭ പിരിച്ചു വിട്ട് എല്ലാം ആദ്യം മുതലേ ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാനായിരുന്നു ഇഎംഎസ് നിര്‍ദേശിച്ചത്. കാരണം അന്നത്തെ സ്ലേറ്റില്‍ സിപിഐയുടെ പേര് ആയിരുന്നു ഒന്നാമത്. കാലത്തിന് മുമ്പേ ചിന്തിച്ച ഇ എം എസിന്റേ കുശാഗ്ര ബുദ്ധി അന്നേ പ്രവര്‍ത്തിച്ചുവെന്ന് ചുരുക്കം.

സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് നടന്ന പഞ്ചാബില്‍ തന്നെ അതേ വര്‍ഷം സിപിഐ എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസും ചേര്‍ന്നു. ജലന്ധറില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറാണെങ്കില്‍ സഹകരിക്കാമെന്ന തീരുമാനം സിപിഐ (എം) എടുത്തു.

പാര്‍ട്ടി പിളര്‍ന്നതിന് ശേഷം ആദ്യമായി സിപിഐ സിപിഐ (എം) നേതാക്കള്‍ തമ്മില്‍ കാണുന്നത് 1978ലാണ്. ഡല്‍ഹിയില്‍ അന്ന് നടന്ന കൂടിക്കാഴ്‍ചയില്‍ സിപിഐ യെ പ്രതിനിധീകരിച്ച് സി രാജേശ്വര റാവു, എം എന്‍, എന്‍ കെ കൃഷ്‍ണന്‍ എന്നിവരും സിപിഐ (എം) നേതാക്കളായ ഇ എം എസ്, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്, ബസവപുന്നയ്യ, ബി ടി രണദിവെ, സമര്‍ മുഖര്‍ജി എന്നിവരും പങ്കെടുത്തു. അതിന് ശേഷം ഇടതുപക്ഷ ഐക്യത്തിന്റെ ആവശ്യകതയെ കുറിച്ച് സംയുക്ത പ്രസ്‍താവനയും ഇറക്കി.

അതോടെ ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങണം അഥവാ നിയമസഭ പിരിച്ചു വിടണമെന്ന ഇ എം എസിന്റെ ആവശ്യം പരിഗണിക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയില്‍ സിപിഐ എത്തി. സിപിഐ എമ്മിന്റെ ഈ ആവശ്യം തങ്ങള്‍ അംഗീകരിക്കുമെന്ന സൂചനകള്‍ സിപിഐ ജനറല്‍ സെക്രട്ടറി സി രാജേശ്വര റാവു തന്നെ പരസ്യമായി നല്‍കിയതോടെ പി കെ വി മന്ത്രിസഭയുടെ അവസാനം സംബന്ധിച്ച് തീരുമാനമായി.

പി കെ വിയുടെ രാജിയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി പറഞ്ഞ് ഇത് അവസാനിപ്പിക്കാം.

1979 സെപ്റ്റംബറിലെ അവസാന ആഴ്ച. കൊച്ചിയില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ വച്ച് യു എന്‍ ഐ ലേഖകന്‍ കെ എം റോയ് മുഖ്യമന്ത്രി പി കെ വിയുമായി ഒരു അഭിമുഖം നടത്തി. അത് ഔപചാരികമായ ഒരു അഭിമുഖം എന്ന് പറയാന്‍ വയ്യ. എങ്കിലും മാധ്യമപ്രവര്‍ത്തകരോട് ‘ഓഫ് ദി റെക്കോഡ് ആണേ’ എന്ന മുന്നറിയിപ്പ് ഇല്ലാതെ പറയുന്ന എന്തും അടുത്ത ദിവസം അച്ചടിച്ചു വരാം. ഇത് അറിയാവുന്നയാളുമാണ് പി കെ വി. സിപിഐ (എം), കോണ്‍ഗ്രസ് (എസ്), കേരളാ കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് എന്നിവരെ ചേര്‍ത്ത് സിപിഐ ഇടതുമുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്നും തന്റെ മന്ത്രിസഭ ഉടനെ രാജി വയ്ക്കുമെന്നും പി കെ വി റോയിയോട് പറയുന്നു.

ഇത് മുഖ്യമന്ത്രിയുമായുള്ള എക്സ്ക്ലൂസിവ് അഭിമുഖം ആക്കി റോയ് യു എന്‍ ഐ വഴി പുറത്തു വിട്ടു. അന്ന് സ്വകാര്യ ടി വി ചാനലുകള്‍ എന്നല്ല ദൂരദര്‍ശന്‍ പോലും കേരളത്തില്‍ ഇല്ല. അതു കൊണ്ട് തന്നെ ആകാശവാണി ശക്തമാണ്. പല വീടുകളിലും രാവിലെ സുപ്രഭാതത്തിന് വയ്ക്കുന്ന റേഡിയോ രാത്രി 11 നുള്ള ജയ്ഹിന്ദ് വരെ കേട്ടു കൊണ്ടിരിക്കുന്ന കാലം. വൈകുന്നേരം ആറേകാലിനുള്ള പ്രാദേശിക വാര്‍ത്തകളില്‍ ആകാശവാണിയുടെ തിരുവനന്തപുരം കോഴിക്കോട് നിലയങ്ങള്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ വാര്‍ത്ത പ്രക്ഷേപണം ചെയ്തു. യു എന്‍ ഐ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതിനോടകം എല്ലാ പത്രമാഫീസുകളിലും എത്തുകയും ചെയ്തു.

വാര്‍ത്ത കേട്ട പാര്‍ട്ടി സെക്രട്ടറി എന്‍ ഇ ബലറാം ഞെട്ടി. സിപിഐ എമ്മുമായി സീറ്റുകളുടെ കാര്യത്തില്‍ നീക്കുപോക്കായിട്ടില്ല, ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ. പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിക്കാത്ത സംഗതി പി കെ വി പുറത്തു വിട്ടത് തികച്ചും പാര്‍ട്ടി വിരുദ്ധ നടപടിയായി ബലറാമിന് തോന്നി. വാര്‍ത്ത നിഷേധിക്കാന്‍ പി കെ വിയോട് ബലറാം നിര്‍ദേശിച്ചു.

പി കെ വി വിളിക്കുമ്പോള്‍ റോയ് ഓഫീസ് വിട്ടിരുന്നു. യു എന്‍ ഐ കൊച്ചി ബ്യൂറോ ചീഫ് കെ ആര്‍ വി നായരാണ് ഫോണ്‍ എടുത്തത്. റോയിക്ക് തെറ്റ് പറ്റില്ലെന്നും മുഖ്യമന്ത്രിക്ക് നിര്‍ബന്ധമാണെങ്കില്‍ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ലേഖകന്‍ വളച്ചൊടിച്ചതാണെന്നുമുള്ള വിശദീകരണത്തോടെ നിഷേധിച്ച് വാര്‍ത്ത നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖം പ്രസിദ്ധീകരിക്കരുതെന്ന് നിര്‍ദേശിച്ച് എല്ലാ പത്രമാഫീസിലേക്കും ടെലിപ്രിന്റര്‍ സന്ദേശമയക്കാമെന്നും കെ ആര്‍ വി പറഞ്ഞു.

അപ്പോള്‍ പി കെ വി പറഞ്ഞ മറുപടിയാണ് ക്ലാസ്. “ ഞാന്‍ റോയിയോട് പറഞ്ഞത് പറഞ്ഞതാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ എത്ര സമ്മര്‍ദ്ദമുണ്ടായാലും അത് നിഷേധിക്കാന്‍ എനിക്കാവില്ല. എനിക്ക് രാഷ്ട്രീയമായി ചില ബുദ്ധിമുട്ടുകളുണ്ടാവും. പക്ഷേ റോയിയുടെ മാന്യതയ്ക്കും പദവിക്കും കളങ്കമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”.

പക്ഷേ പ്രശ്നത്തിന് പരിഹാരം വേണമല്ലോ. ആകാശവാണിയിലൂടെ വാര്‍ത്ത പോയത് പോട്ടെ. അത് ജനങ്ങള്‍ കേട്ടു കഴിഞ്ഞു. പക്ഷേ അത് പോലെയല്ല പത്രത്തില്‍ വരുന്നത്. അത് റെക്കോ‍ഡ് ആവും. “നാളത്തെ പത്രങ്ങളില്‍ ഈ വാര്‍ത്ത വരാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ” പി കെ വി ചോദിച്ചു.

അഭിമുഖം പിന്‍വലിക്കുന്നതായും അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് എല്ലാ പത്രങ്ങള്‍ക്കും അടിയന്തര സന്ദേശം നല്‍കാമെന്ന് കെ ആര്‍ വി നായര്‍ സമ്മതിച്ചു. ഉടന്‍ തന്നെ എല്ലാ പത്രങ്ങള്‍ക്കും സന്ദേശം പോയി. ഉറപ്പിക്കാനായി പല തവണ സന്ദേശം ആവര്‍ത്തിക്കുകയും ചെയ്തു.

സന്ദേശം ലഭിച്ചതിനാല്‍ ആകാശവാണി ഈ വാര്‍ത്ത പിന്നീടുള്ള ബുള്ളറ്റിനുകളില്‍ ആവര്‍ത്തിച്ചില്ല. പത്രങ്ങളൊന്നും വാര്‍ത്ത നല്‍കിയില്ല. എന്നാല്‍ ഒരു പത്രം മാത്രം കൊടുത്തു. അത് ദേശാഭിമാനി ആയിരുന്നു. അങ്ങനെ വാര്‍ത്ത കൊടുത്തതിനെ എന്ത് വിളിക്കണമെന്ന് നിങ്ങള്‍ തീരുമാനിച്ചു കൊള്ളു. ഞാന്‍ മനസില്‍ വിളിച്ചത് ഇവിടെ എഴുതാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല.

വാര്‍ത്ത കൊടുത്തു എന്നത് മാത്രമല്ല ദേശാഭിമാനി ചെയ്തത്. ഒന്നാം പേജില്‍ തന്നെ അഭിമുഖം പൂര്‍ണമായും കൊടുത്തു. തീര്‍ന്നില്ല, വാര്‍ത്തയ്ക്ക് കീഴെ ഒരു കുറിപ്പും കൂടി നല്‍കി വിരല്‍ത്തുമ്പ് വരെ മാന്യനായ പി കെ വിയെ ദേശാഭിമാനി അപമാനിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ അഭിമുഖ സംഭാഷണ റിപ്പോര്‍ട്ട് യു എന്‍ ഐ പിന്നീട് പിന്‍വലിക്കുകയുണ്ടായി എന്നായിരുന്നു ആ കുറിപ്പ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ സിപിഐ മുഖ്യമന്ത്രിപദം വിട്ടൊഴിഞ്ഞിട്ട് ഈ ഒക്ടോബറില്‍ 46 വര്‍ഷം തികഞ്ഞു.

ചരിത്രം അറിയാവുന്ന പിണറായി വിജയന്‍ 2014ല്‍ പി കെ വിയെയും അത് വഴി സിപിഐയെയും അറിയാത്ത മട്ടില്‍ ഒരു അസത്യം പറഞ്ഞ് കൊട്ടിയത് എന്തിനാണെന്നും ദേശാഭിമാനി അങ്ങനെ ഒരു വാര്‍ത്ത കൊടുത്തത് എന്തു കൊണ്ടാണെന്നും നിങ്ങള്‍ക്ക് മനസിലായോ?

കടപ്പാട് സോഷ്യൽ മീഡിയാ.