പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിന്മാറുക – എസ് യു സി ഐ

തിരുവനന്തപുരം : പി എം ശ്രീ എന്ന വിധ്വംസക പദ്ധതിയുടെ ധാരണാപത്രത്തിൽ ഏകപക്ഷീയവും രഹസ്യാത്മകവുമായി ഒപ്പു വെച്ചു കൊണ്ട് സിപിഐ(എം) കേരള സമൂഹത്തോട് കൊടിയ വഞ്ചനയാണ് നടത്തിയിരിക്കുന്നത്, പദ്ധതിയിൽ നിന്ന് ഉടൻ പിന്മാറണമെന്ന് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇൻഡ്യ (കമ്യൂണിസ്റ്റ്) ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.കുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റംഗം എം.ഷാജർ ഖാൻ എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് എസ് യു സി ഐ നിലപാട് പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസത്തെയും മാനവികതയെയും തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇടതുസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരവധി നടപടികളിൽ ഒടുവിലത്തേതാണ് പിഎം ശ്രീ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്തെ പൂർണ്ണമായും എൻഇപിക്ക് അടിയറവെയ്ക്കുകയാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പം, ദേശീയ വിദ്യാഭ്യാസ നയ ത്തെ സംബന്ധിച്ച തന്റെ നിലപാട് മാറ്റി എന്നീ പ്രസ്താവനകളിലൂടെ, തങ്ങളുടെ അവസരവാദപരമായ നിലപാട് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് ഉറപ്പിച്ചിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രപരമായ നീക്കം എന്ന പരിഹാസ്യമായ വിശദീകരണമാണ് സിപിഐ (എം) ഈ വഞ്ചനാത്മകമായ നിലപാടിനെ സാധൂകരിക്കുവാനായി ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്ന് ഭാവിക്കുമ്പോഴും, എൽഡിഎഫ് ഭരണത്തിൻ കീഴിൽ വിവിധ പേരുകളിൽ കേരളത്തിൽ എൻഇപി നടപ്പിലാക്കപ്പെടുകയായിരുന്നു. നാലുവർഷ ബിരുദവും, സ്വകാര്യ സർവകലാശാല ബില്ലും, പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും 2020 ഏപ്രിൽ 1 ന്റെ ഉത്തരവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ് എന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് പറഞ്ഞു.

കോർപ്പറേറ്റു കാലഘട്ടത്തിന്റെ വിദ്യാഭ്യാസ ആവശ്യകതകളെ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള ഒന്നുമാത്ര മാണ് ദേശീയ വിദ്യാഭ്യാസ നയം -2020. വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണമായ വാണിജ്യവത്ക്കരണവും വർഗ്ഗീയവത്ക്കരണവും കേന്ദ്രീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള ഫാസിസ്റ്റ് പദ്ധതിയാണിത്. 2019 ൽ ഇതിന്റെ കരട് പുറത്ത് വന്നപ്പോൾ മുതൽ, ഈനയ ത്തിനെതിരായ നിലപാട് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജനാധിപത്യ വിശ്വാസികളായ അധ്യാപകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്നേഹികളും സ്വീകരിച്ചിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചു കൊണ്ട്, കോവിഡ് കാലത്തെ അടച്ചുപൂട്ടൽ അവസരമായെടുത്ത്, പാർലമെന്റിൽ പോലും അവതരിപ്പിക്കാതെ എൻ ഇ പി 2020 നടപ്പാക്കുകയാണ് ബിജെപി സർക്കാർ ചെയ്തത്. രാജ്യമെമ്പാടും എൻ ഇപിയുടെ നടപ്പിലാക്കലിനെ പ്രതിരോധിക്കുവാൻ പര്യാപ്തമായ സമരങ്ങൾ വളർത്തിയെടുക്കുവാൻ വി ദ്യാഭ്യാസ സ്നേഹികളും ജനാധിപത്യ വിശ്വാസികളും ഇടതുപക്ഷപ്രസ്ഥാനങ്ങളും അഹോരാത്രം പ്രയത്നിക്കുകയാണ്. എന്നാൽ കേരളത്തിൽ എൻ ഇ പിയെതിരായി ചെറുവിരൽ അനക്കാൻ പോലും മുതിരുന്നില്ലതോ പോകട്ടെ, എഇപിയുടെ നയങ്ങൾ നടപ്പാക്കി പ്രക്ഷോഭത്തെ ദുർബ്ബലപ്പെടുത്തുന്ന ചതിയാണ് ഇടതുസർക്കാർ ചെയ്യുന്നത് എന്നും അവർ പറഞ്ഞു.

കർണ്ണാടകയിൽ നാലു വർഷ ഡിഗ്രിക്കെതിരെയും സർക്കാർ സ്കൂളുകളിൽ ഫീസ് ഏർപ്പെടുത്തുന്നതിനെതിരെയും സ്കൂൾ പാഠപുസ്തകങ്ങളിൽ ഭഗത് സിംഗിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കി, ഹെഡ്ഗേവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെയും എസ് യു സി ഐ യുടെ വിദ്യാർത്ഥി സംഘടനയായ എഐഡിഎസ്ഒയുടെ നേതൃത്വത്തിലുണ്ടായ വിദ്യാർത്ഥി സമരങ്ങൾ, വിദ്യാഭ്യാസ സ്നേഹികളുടെയും ജനങ്ങളുടെയും പിന്തുണയോടെ വിജയം വരിച്ചിരുന്നു. എൻഇപിയെ പ്രതിരോധിക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാണ് ഈ സമരങ്ങൾ എന്നും അവർ പത്രസമ്മേളനത്തിൽ ഓർമിപ്പിച്ചു.

വിഭ്യാസരംഗത്ത് മാത്രമല്ല, മറ്റെല്ലാ മേഖലകളിലും മോദി സർക്കാരിന്റെ നയങ്ങൾ, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്നതിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ വാചകക്കസർത്തല്ലാതെ നയങ്ങളെ പരാജയപ്പെടുത്തക്കവിധമുള്ള ജനകീയപ്രക്ഷോഭ ത്തിന്റെ കടമ നിറവേറ്റാൻ സിപിഐ(എം) തയ്യാറല്ല. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്തെ പുരോഗമന-ജനാധിപത്യ-മതേതര ശക്തികളും ഓരോ വ്യക്തിയും ഒരുമിച്ചുകൊണ്ട് വിശാലമായ ഒരു സമരനിര പിഎം ശ്രീയ്ക്കും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ വളർത്തിയെടുക്കണമെന്ന അഭ്യർത്ഥനയും എസ് യു സി ഐ മുന്നോട്ടുവച്ചു. എസ് യു സി ഐ യുടെ വിദ്യാർത്ഥി സംഘടന എ ഐ ഡി എസ് ഒ, യുവജന സംഘടന എ ഐ ഡി വൈ ഒ, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന എന്നിവയുടെ ആഭിമുഖ്യത്തിൽ പി എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടന്നിരുന്നു.