തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ കടുപ്പിച്ച് സി.പി ഐ. ചർച്ചയാകാം എന്ന നിലപാടിൽ സി.പിഎം. പദ്ധതി പിൻവലിക്കാതെ ഒരു ചർച്ചയും ചെയ്തിട്ട് കാര്യമില്ലെന്ന് സി.പി ഐ നേതൃത്വം. സി.പി ഐ മന്ത്രിമാർ വിട്ടു നിൽക്കുന്ന ആദ്യ മന്ത്രിസഭാ യോഗമാകും ഇന്ന് നടക്കുക. വൈകിട്ട് 3 .30 ന് യോഗം ചേരാൻ തീരുമാനം.സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 9 മണിക്കാണ് സിപിഐ സെക്രട്ടേറിയേറ്റ് യോഗം ചേരുന്നത്. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ധാരണയായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
(പിഎംശ്രീ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പി സന്തോഷ് കുമാർ എം പി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്)
ആമുഖമായി പറയട്ടെ, പിഎംശ്രീയെക്കുറിച്ചുള്ള ചര്‍ച്ച ഒരു സിപിഐ-സിപിഎം തര്‍ക്കമായി വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. പക്ഷെ, ബിജെപി സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസനയത്തിന് എതിരായുള്ള ഇടതുപുരോഗമനപ്രസ്ഥാനങ്ങളുടെ സമീപനം എല്ലായ്പ്പോഴും ഒരുപോലെയായിരുന്നു. ആഴത്തിലുള്ള പഠനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഈയൊരു നിലപാടിലേക്ക് ഇടതുപക്ഷം എത്തിച്ചേര്‍ന്നത്. കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കിടയിലും അഭിപ്രയവ്യത്യാസമില്ലാത്തതുപോലെ അവിതര്‍ക്കിതമായ ഒരു കാര്യമാണ് സംഘപരിവാറിന്റെ വലതുപക്ഷഅജണ്ട നടപ്പിലാക്കാനുള്ള ഉപകരണമാണ് പുതിയവിദ്യാഭ്യാസനയം(എന്‍. ഇ.പി) എന്ന വസ്തുത. പിഎംശ്രീയാകട്ടെ, യഥാര്‍ത്ഥത്തില്‍ ഈ പുതിയവിദ്യാഭ്യാസനയത്തിന്‍റെ ഒരു ‘ഷോകേസ് പദ്ധതി’ യാണ്. അതുകൊണ്ടുതന്നെ പിഎംശ്രീ നടപ്പിലാക്കുമ്പോള്‍ എന്‍.ഇ.പി നടപ്പിലാകുന്നില്ല എന്ന വ്യാഖ്യാനം വസ്തുതാവിരുദ്ധമാണ്. സിപിഐ എതിര്‍ക്കുന്നത് പിഎംശ്രീയിലൂടെ ഇന്ത്യയൊട്ടാകെ എന്‍ഇപി ഒളിച്ചുകടത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെയും, അതിന്‍റെ പിന്നിലുള്ള ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ രീതികളെയും ആണ്.
2022ലെ അധ്യാപകദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി സ്കൂളുകൾ ഫോർ റൈസിങ് ഇന്ത്യ (പിഎംശ്രീ) എന്ന പദ്ധതിയുടെ ആദ്യത്തെ ലക്ഷ്യമായി രേഖപ്പെടുത്തുന്നത് തന്നെ, തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകള്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനുള്ള മാതൃകാസ്കൂളുകളായിരിക്കും എന്നാണ്. കേന്ദ്രവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ നയരേഖയുടെ സെക്ഷന്‍ സിയില്‍ പിഎംശ്രീ സ്കൂളുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള മാനദണ്ഡങ്ങളില്‍ ഒന്നാമത്തേതായി അടയാളപ്പെടുത്തിയതും സ്കൂള്‍പ്രവര്‍ത്തനങ്ങളില്‍ എന്‍.ഇ.പി നടപ്പിലാക്കുന്നതില്‍ കാഴ്ചവെക്കുന്ന മികവാണ്. ഇതില്‍ തന്നെ പതിനൊന്നാമത്തെ മാനദണ്ഡമായി പറയുന്നത് ‘ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യത്തിലേക്ക് നയിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിധത്തില്‍ ഭാരതത്തിന്‍റെ പാരമ്പര്യവും സംസ്കാരവും’ പഠിപ്പിക്കണമെന്നാണ്. വിദ്യാഭാരതിയിലൂടെയും സരസ്വതി ശിശുമന്ദിരങ്ങളിലൂടെയും സംഘപരിവാര്‍ നടപ്പിലാക്കിക്കൊണ്ടിരുന്ന വിദ്യാഭ്യാസത്തിന്റെ കാവിവല്ക്കരണം പൊതുവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് പിഎംശ്രീയിലൂടെ നടപ്പിലാക്കുന്നത് എന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ വ്യക്തത ആവശ്യമില്ല. മാത്രമല്ല, പദ്ധതിയുടെ നയരേഖയില്‍ പിഎംശ്രീയുടെ ആറു നെടുംതൂണുകള്‍ വിവരിക്കുന്നുണ്ട്. കരിക്കുലം, സിലബസ്, മൂല്യനിര്‍ണ്ണയം, അടിസ്ഥാനസൌകര്യവികസനം, വിഭവശേഷി, നേതൃത്വം, പ്രവര്‍ത്തനങ്ങള്‍, മേല്‍നോട്ടം തുടങ്ങി നിരവധി മേഖലകളില്‍ പരന്നുകിടക്കുന്ന സ്കൂള്‍വിദ്യാഭ്യാസത്തിന്‍റെ പരിപൂര്‍ണ്ണമായ നിയന്ത്രണം എന്‍.ഇ.പിയുടെ നയങ്ങള്‍ക്ക് അനുസൃതമായിരിക്കും എന്ന് സുവ്യക്തമായി ഇതില്‍ പറയുന്നുണ്ട്.
പിഎംശ്രീ പദ്ധതി, സംഘപരിവാറിന്റെ വലതുപക്ഷ വിദ്യാഭ്യാസനയം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള സമര്‍ത്ഥമായ മാര്‍ഗമാണെന്ന് മനസിലാക്കാന്‍ ഇതിലധികം തെളിവുകള്‍ ആവശ്യമുണ്ടോ? ഈ പദ്ധതിയിലൂടെ ലഭ്യമാകുന്ന തുക സ്കൂളുകളുടെ അടിസ്ഥാനസൌകര്യവികസനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാം എന്ന് അനുമാനിക്കുന്നത് വാസ്തവവിരുദ്ധമാണ്. നയരേഖയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള എന്‍, ഇ.പിയുടെ മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിഎം ശ്രീ നടപ്പിലാക്കാന്‍ കഴിയില്ല.സംശയമുള്ളവര്‍ക്ക് പിഎംശ്രീയുടെ മാര്‍ഗരേഖ പരിശോധിക്കാവുന്നതാണ്.
രാജ്യത്തെ തിരഞ്ഞെടുക്കപ്പെടുന്ന 14,500 സ്കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി 27,360 കോടി രൂപ ചിലവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്(ഒരു വശത്ത്, ഷോകേസ് സ്കൂളുകള്‍ ആധുനികവല്‍ക്കരിക്കുമെന്നു അവകാശപ്പെടുമ്പോള്‍ തന്നെയാണ്, കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 14,910 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയിട്ടുണ്ടെന്നു പാര്‍ലമെന്റിന്‍റെ ഇക്കഴിഞ്ഞ സെഷനില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനുത്തരമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി വെളിപ്പെടുത്തിയത്. ഇതില്‍ സര്‍വശിക്ഷാഅഭിയാന് കീഴിലുള്ള എത്ര സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരം വ്യക്തമാക്കുന്നില്ല എന്നതും ദുരൂഹമാണ്).
ഒരു ബ്ലോക്കില്‍ പരമാവധി രണ്ട് സ്കൂളുകള്‍ ആണ് പിഎംശ്രീയില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കേരളത്തില്‍ നിന്നും 150 സ്കൂളുകള്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്(ഇത് പരമാവധി 200 സ്കൂളുകള്‍ വരെയാകാം). ഒരു ബ്ലോക്കില്‍ ഒരു സ്കൂള്‍ മാത്രമായിരിക്കും കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. 2023-27 കാലഘട്ടത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി അനുസരിച്ച് ഒരു വിദ്യാലയത്തിന് പരമാവധി ലഭിക്കുന്ന തുക ഒരു കോടി പത്തുലക്ഷമാണ്. ഇതില്‍ 60% കേന്ദ്രവും, 40% സംസ്ഥാനങ്ങളും മുടക്കണം. കേരളത്തിന് വളരെ വലിയ തുക ഈയിനത്തില്‍ ലഭിക്കാനിടയില്ല എന്നുള്ളതാണ് വസ്തുത. 2023ല്‍ ആരംഭിച്ച ഈ പദ്ധതി 2027ല്‍ അവസാനിക്കും. മുന്‍വര്‍ഷങ്ങളിലെ തുക ഇനി ലഭിക്കില്ല. അപ്പോള്‍, ഏകദേശം 22 ലക്ഷം രൂപയാണ് അടുത്ത ഒരു വര്‍ഷത്തേക്ക് നമുക്ക് ലഭിക്കുന്നത്. ഇതില്‍ തന്നെ 40% സംസ്ഥാനം മുടക്കേണ്ടതാണ്. ഈ ചെറിയ തുകക്ക് വേണ്ടി ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
സംസ്ഥാനങ്ങള്‍ക്കുള്ള ന്യായമായ ബജറ്റ് വിഹിതം കൃത്യമായി നല്‍കുന്നതിനു പകരം വിവിധ പ്രോജക്റ്റുകളില്‍കൂടി നിരവധി നിയന്ത്രണങ്ങളോടെ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും നീതിയുക്തമല്ല. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിദ്യാഭ്യാസം പോലുള്ള മേഖലകളില്‍ കേന്ദ്രതാല്പര്യം നടപ്പിലാക്കാനുള്ള ആസൂത്രിതമായ മാര്‍ഗമാണിത്. പിഎംശ്രീ പദ്ധതിയില്‍ ചേരാത്തതിന്റെ പേരില്‍ സര്‍വശിക്ഷാഅഭിയാനില്‍ നിന്നും കേരളത്തിനുള്ള വിഹിതമായ 1300കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. സമഗ്രശിക്ഷാ അഭിയാനെ പുതിയ വിദ്യാഭ്യാസനയവുമായി കൂട്ടിയിണക്കി പിഎംശ്രീയില്‍ ചേരാത്ത സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ന്യായമായ വിഹിതം നല്‍കാത്തത് നിയമപരമായും ധാര്‍മികമായും തെറ്റാണ്. പക്ഷെ, അതിനുള്ള മറുപടി, കേന്ദ്രസര്‍ക്കാരിന് കീഴടങ്ങലല്ല. ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായ ഈ സമീപനത്തിന് എതിരെ രാഷ്ട്രീയവും, നിയമപരവുമായ പ്രതിരോധം ഉയര്‍ത്തുന്നതിന് പകരം ഈ പദ്ധതിയുടെ ഭാഗമാകുന്നത് ആത്മഹത്യാപരമാണ്. ദേശീയതലത്തില്‍ സിപിഎമ്മും സിപിഐയും പുതിയവിദ്യാഭ്യാസനയത്തെ അതിശക്തമായി എതിര്‍ക്കുന്നുണ്ട്. സ്വാഭാവികമായും, ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ ഇത് നടപ്പിലാക്കുന്നത് ദേശീയതലത്തിലുള്ള പ്രതിരോധസമരങ്ങളെ ദുര്‍ബലമാക്കും.
പാർലമെന്റിന്റെ വിദ്യാഭ്യാസസ്ഥിരംസമിതിയുടെ റിപ്പോര്‍ട്ടും കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്‍റെ സാധുതയെപ്പറ്റി ഗൗരവമായ ചോദ്യങ്ങൾ ഉയര്‍ത്തിയിരുന്നു. ദിഗ്‌വിജയ് സിംഗ് അധ്യക്ഷനായ സമിതി, പി.എം. ശ്രീപദ്ധതിയുടെ കരാറിൽ ഒപ്പുവെക്കാത്ത സംസ്ഥാനങ്ങൾക്ക് സർവശിക്ഷ അഭിയാൻ ഫണ്ട് നിഷേധിച്ചതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സര്‍വശിക്ഷാഅഭിയാന്‍, വിദ്യാഭ്യാസം മൌലികാവകാശമാക്കുന്ന നിയമനിര്‍മ്മാണത്തിന്‍റെ ഭാഗമായി നേരത്തെ തന്നെ പാര്‍ലമെന്‍റ് അംഗീകരിച്ചു നിലവില്‍ വന്ന പദ്ധതിയാണ്. എന്നാല്‍, എന്‍.ഇ.പിയും, പിഎംശ്രീയും കേവലം സര്‍ക്കാര്‍ നയപരിപാടികള്‍ മാത്രമാണ്. ഭരണഘടനാപരമായ അവകാശമായ സര്‍വശിക്ഷാഅഭിയാന്‍റെ കീഴിലുള്ള ഫണ്ടുകള്‍, ‘ഷോകേസ്’ പദ്ധതികള്‍ക്ക് വേണ്ടി തടഞ്ഞുവെക്കാന്‍ ഭരണകൂടത്തിന് അവകാശമില്ല എന്നായിരുന്നു പാര്‍ലമെന്‍റ് സമിതിയുടെ കണ്ടെത്തല്‍.
ചുരുക്കിപ്പറഞ്ഞാല്‍, വിദ്യാഭ്യാസം ആരുടെയും രാഷ്ട്രീയസമ്മാനമോ, ഔദാര്യമോ അല്ലായെന്നും, മറിച്ച് ഭരണഘടന നല്‍കുന്ന പൌരാവകാശമാണ് എന്നും ഒരു ഫെഡറല്‍രാഷ്ട്രത്തിന്‍റെ ഭരണാധികാരികളോട് അതിശക്തമായി പറയുന്നതിന് പകരം, കിട്ടാനുള്ള ന്യായമായ ഫണ്ടിന് വേണ്ടി ഇടതുപക്ഷത്തിന്‍റെ ഉറച്ച നിലപാടുകളില്‍ നിന്നും വ്യതിചലിക്കുന്നത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. മതനിരപേക്ഷവും മാനവികവുമായ പൊതുവിദ്യാഭ്യാസം കേരളാമാതൃകയുടെ നെടുംതൂണാണ്. സാമൂഹ്യനീതിയും,ഗുണമേന്മയും, തൊഴിൽ സാധ്യതയുമായിരുന്നു എക്കാലത്തും നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. വളരെക്കാലം നീണ്ടുനിന്ന പോരാട്ടങ്ങളുടേയും മുന്നേറ്റങ്ങളുടേയും ഫലമായി ഉരുത്തിരിഞ്ഞ നേട്ടങ്ങളാണ് നാം ഇന്നും വിദ്യാഭ്യാസമേഖലയില്‍ അനുഭവിക്കുന്നത്. കേരളത്തെ ഒരു പരിഷ്കൃത സമൂഹമായി വളര്‍ത്തിയെടുക്കുന്നതിനും തനതായ സാംസ്ക്കാരിക ആദര്‍ശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഇവ കാരണമായി. അതുകൊണ്ടുതന്നെ, ഒരു വൈജ്ഞാനിക സമൂഹത്തിനാവശ്യമായ എല്ലാ ബൌദ്ധിക അടിത്തറയും അടിസ്ഥാന സൌകര്യങ്ങളുമുള്ള കേരളം, ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ അജണ്ടകള്‍ക്ക് ഉപകരണമാകാന്‍ പാടില്ല.
ബഹുസ്വരവും, മതനിരപേക്ഷവും, ജനകീയവുമായ നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിന് മുകളില്‍ മതാത്മകവും, സങ്കുചിതവും, സംവാദവിരുദ്ധവുമായ ഒരു പുതിയ അരാഷ്ട്രീയ രീതി കൊണ്ട് വരാന്‍ തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംഘപരിവാര്‍ നയിക്കുന്ന ഒരു സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം അവരുടെ വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടുമാത്രമേ നമുക്ക് സമീപിക്കാന്‍ കഴിയു. തീര്‍ച്ചയായും, ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന വലതുപക്ഷ ഫാസിസ്റ്റ് ഭരണത്തിന് ഏറ്റവും മികച്ച ആയുധമാകുന്നത് ഈ ഏകമാനമായ, വിദ്യാഭ്യാസപദ്ധതി ആയിരിക്കും. സ്വതന്ത്ര ചിന്തയുടെ അന്ത്യവും, സംവാദത്തില്‍ അധിഷ്ഠിതമായ ഒരു സംസ്കാരത്തിന്റെ അകാല ചരമവും ആയിരിക്കും അനന്തരഫലം.
(സഖാവ് പി സന്തോഷ് കുമാർ എം പി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്)
