ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വർഷം തികയുന്നു.

വയനാട് :ഒരു നാടിൻ്റെയും ജനതയുടെ പിടിച്ചു നിൽപ്പിൻ്റെ ഒരു വർഷം ഇന്ന് കടന്നുപോകും. പ്രകൃതി തന്ന ദുരന്തങ്ങളെ ഓർമ്മിക്കാതിരിക്കാൻ കഴിയാത്തതരത്തിൽ പ്രദേശമാകെ തകർന്നു തരിപ്പണമാക്കി.രാവിലെ 10 ന് സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകൾക്കെതിരെ വ്യാപാരികൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം തുടരുകയാണ്.

വിവരശേഖരണം അതിവേഗം പൂര്‍ത്തീകരിച്ച് വകുപ്പുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം അതിജീവിതരുടെ ദുരിതാശ്വാസ- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണം, ക്രോഡീകരണം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അതിവേഗം കൃത്യതയോടെ പൂര്‍ത്തീകരിച്ചത് സ്റ്റാറ്റിസ്റ്റിക്‌സ്, തദ്ദേശസ്വയംഭരണ വകുപ്പുകളാണ്. മേപ്പാടി പഞ്ചായത്തിലെ 10,11, 12 വാര്‍ഡുകളിലെ താമസക്കാരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഗ്യാസ് കണക്ഷന്‍, ഹരിതകര്‍മ്മ യൂസര്‍ ഫ്രീ തുടങ്ങീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും വിവരങ്ങള്‍ ക്രോഡീകരിക്കുകയായിരുന്നു ആദ്യഘട്ടത്തില്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരുടെ വിവര ശേഖരണത്തിലൂടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും താത്ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറിയവര്‍ക്കും ആവശ്യമായ ഭക്ഷണ-ഫര്‍ണിച്ചര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ പട്ടികകള്‍ തയ്യാറാക്കി. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് നടപടികള്‍ ത്വരിതപ്പെടുത്തി. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സര്‍വ്വെ നടത്തി വിവരങ്ങള്‍ ക്രോഡീകരിച്ചു. ദുരന്തബാധിതരുടെ ലോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്കുകള്‍ തിരിച്ചും, ലോണ്‍ തരം തിരിച്ചും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഗുണഭോക്താക്കളുടെ പുനരധിവാസ ലിസ്റ്റ്, അദാലത്തുകളിലെ വിവരശേഖരണം, ക്രോഡീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നേതൃത്വം നല്‍കി.

ദുരന്ത മേഖലയിലെ കര്‍ഷകര്‍ക്ക് കരുതലായി കൃഷി വകുപ്പ്

ഉരുള്‍പൊട്ടല്‍ ദുരന്തത്തോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കരുതലായി മാറുകയാണ് കൃഷി വകുപ്പും അനുബന്ധ വകുപ്പുകളും. അതിജീവനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളും ധനസഹായവും കര്‍ഷകര്‍ക്ക് ആശ്വാസമായി മാറുകയാണ്. കൃഷി വകുപ്പിലെയും ആര്‍.എ.ആര്‍.എസിലെയും ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പി.ഡി.എന്‍.എ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ഷിക മേഖലയില്‍ 29.2216 ഹെക്ടര്‍ കൃഷിഭൂമിയാണ് നശിച്ചത്. നഷ്ടം വിലയിരുത്തി കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയായി 38.24 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. ദുരന്ത പ്രദേശത്തെ കാര്‍ഷിക ഭൂമിയിലെ ഏലം, കുരുമുളക്, തേയില, കാപ്പി, അടക്ക, നാളികേരം, മാവ്, പേരക്ക, ചക്ക, കസ്റ്റാര്‍ഡ് ആപ്പിള്‍, നെല്ലിക്ക, പുളി, ചാമ്പ, സപ്പോട്ട, വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ വിളയിനങ്ങളാണ് നഷ്ടപ്പെട്ടത്. ഭൂമി നഷ്ടപ്പെട്ട മുന്നൂറോളം കര്‍ഷകര്‍ക്ക് 19,69,290 രൂപ ധനസഹായമായി വിതരണം ചെയ്തു. ജനകീയ കാര്‍ഷിക വികസന സമിതികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഫീല്‍ഡ് ലെവലില്‍ നടത്തിയ വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷമായിരുന്നു തുക നല്‍കിയത്. ദുരന്തബാധിതരായ 265 കര്‍ഷകര്‍ക്ക് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ 7000 രൂപ വീതം 18.55 ലക്ഷം രൂപയും നല്‍കി. വിള ഇന്‍ഷുറന്‍സ് പ്രകാരം നാഷണല്‍ അഗ്രി ഇന്‍ഷുറന്‍സ് കമ്പനി 48 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു. ഉപജീവന പിന്തുണയായി ജില്ലാ ഭരണകൂടം, കാര്‍ഷിക വകുപ്പ്, നിര്‍മാണ്‍ എന്‍ജിഒ 16 കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. വീട്ടുവളപ്പില്‍ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താന്‍ സംയോജിത കൃഷിക്കായി നിരവധി കര്‍ഷകരെ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ആര്‍.എ.ആര്‍.എസ്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, സീനിയര്‍ സയന്റിസ്റ്റ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ കര്‍ഷകര്‍ക്ക് നൈപുണി വികസനത്തിന് ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ദുരന്തം അതിജീവിച്ചവരില്‍ മിണ്ടാപ്രാണികളും; ചേര്‍ത്തുപിടിച്ച് മൃഗസംരക്ഷണ വകുപ്പ്

നാടുനടുങ്ങിയ ദുരന്ത രാത്രിയില്‍ ഒടുങ്ങിപ്പോയ മനുഷ്യ ജീവിതങ്ങള്‍ക്കൊപ്പം നിരവധി മൃഗങ്ങളുമുണ്ടായിരുന്നു. ജീവഭയത്തില്‍ നിലവിളിച്ച അവയും അതിജീവന പോരാട്ടത്തിലൂടെയാണ് കടന്ന് പോയത്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം 234 ജീവജാലങ്ങളാണ് ദുരന്തം അതിജീവിച്ചത്. പലതിനും കാര്യമായ പരിക്കുകളും ക്ഷീണവുമുണ്ടായിരുന്നു. രക്ഷാദൗതൃത്തിന് ചുക്കാന്‍പിടിച്ചവരുടെ കൈകക്കളിലേക്കെത്തിയ അരുമ മൃഗങ്ങളെ കരുതലോടെയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. തിരികെ കിട്ടിയ മൃഗങ്ങളെ ഉപേക്ഷിക്കാതെ ചേര്‍ത്തുപിടിക്കുകയായിരുന്നു മൃഗസംരക്ഷണ വകുപ്പ്. വെറ്ററിനറി ആശുപത്രികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചേര്‍ന്ന് ശക്തമായൊരു സംരക്ഷണ വലയം തന്നെ തീര്‍ത്തു. ദുരന്തം അതിജീവിച്ച മൃഗങ്ങള്‍ക്ക് പുതിയ വീടുകളില്‍ സംരക്ഷണമൊരുങ്ങി. മനുഷ്യര്‍ക്കൊപ്പം അവയും പുനരധിവാസത്തിന്റെ ഭാഗമായി.

9 പൂച്ചകളും 5 പൂച്ചക്കുട്ടികളും 2 നായകളും പുതിയ ജീവിതം തേടി കേരളത്തിന് പുറത്തേക്ക് യാത്രയായി. പാതിവഴിയില്‍ ഒരു പൂച്ചയും രണ്ട് പൂച്ചക്കുട്ടികളും മരിച്ചത് മറ്റൊരു ദുഃഖമായെങ്കിലും 13 വളര്‍ത്തുമൃഗങ്ങള്‍, ഇന്ന് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സുഖമായി ജീവിക്കുകയാണ്. അതേസമയം, ദുരന്തത്തില്‍ 2775 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായതായാണ് കണക്ക്. അതില്‍ 81 പശുക്കള്‍, 5 എരുമകള്‍, 16 ആടുകള്‍, 50 മുയലുകള്‍, 2623 കോഴികള്‍ എന്നിവ ഉള്‍പ്പെടുന്നു.

കന്നുകാലികള്‍ നഷ്ടപ്പെട്ട 23 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 18.02 ലക്ഷം രൂപ വിതരണം ചെയ്തു. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 178 കുടുംബങ്ങളില്‍, 78 കുടുംബങ്ങളെ അടിയന്തരമായി സഹായം ലഭിക്കേണ്ടവരായി തെരഞ്ഞെടുത്തു. മരിച്ചവരുടെ ഓര്‍മ്മകളും, രക്ഷപ്പെട്ടവരുടെ പുതുശ്വാസവുമാണ് ഇന്ന് മുണ്ടക്കൈയുടെ മണ്ണില്‍ ബാക്കിയാവുന്നത്. അതിനൊപ്പം അസഖ്യം മിണ്ടാപ്രാണികളുടെ അതിജീവനസാക്ഷ്യംകൂടി.