ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം:ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി പി ഒ യ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരമനകളിൽ കേക്കുമായി ചെല്ലുന്നവരുടെ യഥാർത്ഥ രൂപം വെളിപ്പെട്ടിരിക്കുകയാണ് ചത്തീസ്ഗഢിൽ ബി ജെ പി യെ സ്വീകരിക്കാൻ വെമ്പൽ കൊണ്ടവർക്ക് ഇപ്പോഴെങ്കിലും യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെട്ടിരിക്കുമെന്ന് പ്രതീക്ഷിക്കാം. വിചാരധാരയെ അടിസ്ഥാനമാക്കിയുള്ള ആർ എസ് എസ് നയം രാജ്യത്താകെ നടപ്പാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.ഇതിൻ്റെ ഭാഗമാണ് ചത്തീസ്ഗഢിലെ സംഭവങ്ങൾ രാജ്യത്തിൻ്റെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ അസി: സെക്രട്ടറി അരുൺ കെ.എസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി.ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, രാഖി രവികുമാർ, വിളപ്പിൽ രാധാകൃഷ്ണൻ, മനോജ് ബി ഇടമന, എം.ജി.രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.