തിരുവനന്തപുരം:അഴിമതിക്കെതിരെ സംസ്ഥാനവ്യാപകമായി നൂറ് കേന്ദ്രങ്ങളില്‍ സ്വാഭിമാനസദസ്സുകളും സോഷ്യല്‍ ആഡിറ്റിംഗും സംഘടിപ്പിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. അഴിമതിക്കാരെ തുറന്നു കാട്ടാനും സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിവിരുദ്ധമാണെന്ന് ഉറപ്പു വരുത്താനും നിരവധി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതിവിരുദ്ധ പദയാത്രയും ജനകീയ സദസ്സുകളും ‘ധ്വനി’ എന്ന പരാതിപ്പെട്ടി സ്ഥാപിക്കലുമെല്ലാം അഴിമതിക്കാരെ തുറന്നു കാട്ടാന്‍ ജോയിന്റ് കൗണ്‍സില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളാണ്. ‘ക്വിറ്റ് കറപ്ഷന്‍’ എന്ന പൊതുമുദ്രാവാക്യം സംഘടന മുന്നോട്ടു വയ്ക്കുന്നു. ഒക്‌ടോബര്‍ 25 ന് സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ രാവിലെ സ്വാഭിമാന സദസ്സുകള്‍ സംഘടിപ്പിച്ച് അഴിമതിക്കെതിരായ പൊതുനിലപാട് പ്രഖ്യാപിക്കും. ഓരോ ഓഫീസും അഴിമതിവിരുദ്ധമാണെന്ന് സംഘടനാ പ്രവര്‍ത്തകര്‍ ഉറപ്പാക്കും. അഴിമതിക്കാരുടെയും അഴിമതി നടത്തുന്ന ഓഫീസുകളും ഉണ്ടെങ്കില്‍ അതിന്റെയും ലിസ്റ്റ് തയ്യാറാക്കി അധികാരകേന്ദ്രങ്ങളില്‍ നല്‍കും. ജീവനക്കാരെക്കുറിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയാന്‍ സംഘടന സോഷ്യല്‍ ആഡിറ്റിംഗ് നടത്തും.
സോഷ്യല്‍ ഓഡിറ്റിംഗിലൂടെ വിവരശേഖരണം നടത്തി രേഖകളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥന്മാര്‍ വരെയുള്ളവരെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാന്‍ കഴിയുംവിധം പൊതുസമീപനം സ്വീകരിക്കും. സര്‍ക്കാരിന്റെ ഖജനാവിലേക്ക് വരേണ്ട നികുതിചോര്‍ച്ചയും സമ്പത്ത് ചോരുന്ന മാര്‍ഗ്ഗങ്ങളും സംബന്ധിച്ച് വ്യക്തമായ പഠനത്തോടെ പ്രതികരിക്കും. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ക്ക് അനധികൃതമായി പ്രതിഫലം ആവശ്യപ്പെടുന്നവരെയും മനപൂര്‍വ്വം കാലതാമസം വരുത്തുന്നവരേയും തുറന്നുകാട്ടും. അഴിമതിയുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ ജീവനക്കാരുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് ജാഗ്രതാ സമിതികള്‍ക്കും രൂപം കൊടുക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും അറിയിച്ചു.
വയനാട് ജില്ലയില്‍ അഴിമതിക്കെതിരായി ജീവനക്കാരുടെയിടയില്‍ സോഷ്യല്‍ ആഡിറ്റിംഗിനു തുടക്കം കുറിച്ചു. ആദ്യഘട്ടമായി ജില്ലാകമ്മിറ്റി അംഗങ്ങളുമായി ഓഫീസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ എസ്.സജീവ്, ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.പി.സുമോദ്, കെ.അജിന, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.പി.ജയപ്രകാശ്, വയനാട് ജില്ലാപ്രസിഡന്റ് പ്രിന്‍സ് തോമസ്, ജില്ലാ സെക്രട്ടറി റ്റി.ഡി.സുനില്‍മോന്‍ എന്നിവര്‍ പങ്കെടുത്തു.