മനുഷ്യ കടലായി കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രത്യാശാസ്ത്ര വിരുദ്ധരുടെ നിലപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തള്ളിക്കളയുംഅഡ്വ കെ പ്രകാശ് ബാബു.

കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും എഴുന്നൂറു പേർ രാജിവച്ച വാർത്തയ്ക്ക് പുല്ലു വില നൽകി ആവേശമായി കടയ്ക്കലെ പാർട്ടി സഖാക്കൾ.

കടയ്ക്കൽ:പ്രത്യയശാസ്ത്ര വിരുദ്ധരുടെ എല്ലാ അക്രമണങ്ങളെയും തോൽപ്പിച്ചുകൊണ്ട് കാലഘട്ടം ഏൽപ്പിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അജയ്യമായി മുന്നോട്ടു പോകുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.സിപിഐ രൂപീകരിക്കപ്പെട്ടിട്ട് നൂറുവർഷം തികയുകയാണ്.ജന്മി ഭൂപ്രഭുത്വത്തിനെതിരെ മണ്ണിൽ പണിയെടുക്കുന്ന മനുഷ്യന്റെ ജീവിതാവകാശങ്ങൾക്ക് വേണ്ടിയിട്ടുള്ള അവകാശ പോരാട്ടത്തിന്റെ ഊർജ്ജമാണ് സിപിഐയെ മുന്നോട്ടു നയിക്കുന്നത്.ആ കരുത്തിനെ തകർക്കാൻ ആർക്കും കഴിയില്ല.പ്രത്യയശാസ്ത്ര അടിത്തറയാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കരുത്ത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് പ്രത്യശാസ്ത്രബോധം നഷ്ടപ്പെട്ട ആരെങ്കിലും വിചാരിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്നും 100 വർഷം പിന്നിടുന്ന പാർട്ടി ജനങ്ങളുടെ ജീവിത അവകാശ പോരാട്ടങ്ങളിലൂടെ സധൈര്യം മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.സിപിഐ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കടയ്ക്കലിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ കെ പ്രകാശ് ബാബു.

കടുത്ത സാമ്പത്തിക അഴിമതിയുടെ പേരിൽ സിപിഐ നടപടിയെടുക്കുന്നവർക്ക് അഭയം നൽകാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചിന്തിക്കുക പോലും അരുത്.അത് കമ്മ്യൂണിസ്റ്റ്‌ രീതിയുമല്ല. കടയ്ക്കലിൽ സിപിഐ യെ തകർക്കാൻ ആരൊക്കെ തുണിനിറങ്ങിയാലും അത് നടക്കാൻ പോകുന്നില്ല. കടയ്ക്കൽ വിപ്ലവത്തിന്റെ പിൻ തലമുറക്കാർ അടിയുറച്ച കമ്മ്യൂണിസ്റ്റ്‌ മൂല്യബോധത്തോടെ സാമൂഹിക പ്രവർത്തനത്തിൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ആർ ലതാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ് ബുഹാരി സ്വാഗതം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം മന്ത്രി ജെ ചിഞ്ചു റാണി ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രാജേന്ദ്രൻ, മുതിർന്ന പാർട്ടി നേതാവ് കെ ആർ ചന്ദ്രമോഹനൻ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ മന്മഥൻ നായർ, അഡ്വ എസ് വേണുഗോപാൽ, ലിജു ജമാൽ, അഡ്വ ആർ സജിലാൽ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ജഗദമ്മ ടീച്ചർ, എസ് അജയ് പ്രസാദ് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ടി എസ് നിധീഷ് ജില്ലാ കൗൺസിൽ അംഗങ്ങളായ എ നൗഷാദ് മടത്തറ അനിൽ എന്നിവർ പങ്കെടുത്തു.