തൊടുപുഴ: കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്റെ 36-ാം വാര്‍ഷിക സംസ്ഥാന സമ്മേളനം 2026 ജനുവരി 7,8,9 തീയതികളിലായി ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍ വച്ചു നടക്കുകയാണ്. നിത്യജീവിതത്തില്‍ പൊതുജനം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു വകുപ്പെന്ന നിലയില്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ റവന്യു സര്‍വ്വീസ് എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിനാണ് ഈ സമ്മേളനം ഊന്നല്‍ നല്‍കുന്നത്. റവന്യു ഭരണത്തിന്റെ അടിസ്ഥാനശിലയായി പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, പുതിയ വില്ലേജ്ഓഫീസ് കെട്ടിടങ്ങള്‍ സ്മാര്‍ട്ട് ഓഫീസുകളായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും, വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെ ദൈനംദിനം പൊതുജനം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യു ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതിന്റെയും ശാസ്ത്രീയ അടിസ്ഥാനത്തില്‍ റവന്യു ഓഫീസുകള്‍ പുന:സംഘടിപ്പിക്കേണ്ടതിന്റെയും ആവശ്യകത സമ്മേളനം സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. ഭൂമിയുടെ തുണ്ടുവല്‍ക്കരണത്തിലൂടെ ദൈനംദിനം റവന്യു ഓഫീസുകളില്‍ നിന്ന് നല്‍കേണ്ട സേവനങ്ങളില്‍ വലിയ വര്‍ദ്ധനവ് വരുമ്പോഴും, ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും അത് ജീവനക്കാരും പൊതുജനങ്ങളും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നുണ്ട്. ഈ അവസരം ചുരുക്കം ചിലരെങ്കിലും അഴിമതിക്കുള്ള അവസരമായി മാറ്റുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം സമ്മേളനം അധികാരികളെ ബോധ്യപ്പെടുത്തും.
ജനകീയ വകുപ്പെന്ന നിലയ്ക്ക് റവന്യു വകുപ്പ് അക്ഷരാർത്ഥത്തിൽ ജനകീയമായ അഞ്ച് വർഷങ്ങളാണ് കടന്ന് പോകുന്നത്.നാല് ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്ത് സർവ്വകാല റിക്കാഡ് സ്ഥാപിച്ച് വകുപ്പ്
ജന പക്ഷം ചേർന്നു.മലയോര മേഖലയിലെ ജന വിഭാഗങ്ങളുടെ ചിരകാല അഭിലാഷമായ ഭൂപതിവിലെ ഭേദഗതി നിയമം നടപ്പിലാക്കി പതിച്ചു കിട്ടിയ ഭൂമിയിൽ ഭൂ വിനിയോഗത്തിൽ ഇളവുകൾ അനുവദിച്ചത് സർക്കാരിന്റെ ഇച്ഛാ ശക്തിയുടെ തെളിവായി.സംസ്ഥാനത്തെ ഭൂ രേഖകൾ സമ്പൂർണ്ണമായി ഡിജിറ്റൈസ് ചെയ്ത് വകുപ്പ് അടിമുടി ആധുനിക വൽക്കരിച്ചു.സംസ്ഥാനത്തെ മൊത്തം ഭൂമിയുടെ ഏതാണ്ട് പകുതിയോളം ഭൂമിയുടെ ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയത് എടുത്ത് പറയേണ്ട നേട്ടമാണ്.
അഴിമതിക്കെതിരായ വിട്ട് വീഴ്ചയില്ലാത്ത നിലപാടുകളാണ് സംഘടന എക്കാലവും സ്വീകരിച്ച് പോരുന്നത്.ഈ സാക്ഷരത സദസ്സുകൾ ജനകീയ പങ്കാളിത്തത്തോടെ നടത്തിയും അഴിമതിക്കെതിരായ ജീവനക്കാരുടെ സമൂഹത്തെ സൃഷ്ടിക്കാനുമുള്ള നിരന്തര ഇടപെടലുകളാണ് സംഘടന നടത്തി വരുന്നത്.അഴിമതിക്കെതിരായ വിസിൽ ബ്ളോവേഴ്സായി റവന്യു ജീവനക്കാരെ മാറ്റിയെടുക്കാനുള്ള സംഘടനാ പരിപാടികളും സമ്മേളനം ചർച്ചചെയ്ത് തീരുമാനിക്കും.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന റവന്യൂ വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി പ്രവര്‍ത്തിക്കുവാന്‍ വകുപ്പിലെ ജീവനക്കാരെ സജ്ജരാക്കാനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനം കൈക്കൊള്ളും. പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രയോജനം ഫലപ്രദമായി ഉപയോഗിച്ച് റവന്യു വകുപ്പിലെ സ്മാര്‍ട്ടായി മാറുന്ന സേവനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന സര്‍ക്കാരിന്റെ വിപുലമായ ഇ-സാക്ഷരതാ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും സമ്മേളനം കൈക്കൊള്ളും.
കെ.ആര്‍.ഡി.എസ്.എയുടെയും ജോയിന്റ് കൗണ്‍സിലിന്റെയും പൂര്‍വ്വനേതാക്കന്മാരുടെ വസതികളില്‍ നിന്നും ആരംഭിക്കുന്ന പതാക, ബാനര്‍ ജാഥകളും, ദീപശിഖാ റാലിയും ജനുവരി 7 ന് മുണ്ടക്കയം, കരിമണ്ണൂര്‍, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് ഉച്ചയ്ക്ക് 3 മണിക്ക് തൊടുപുഴ ഗാന്ധി സ്‌ക്വയറിലെത്തിച്ചേരും. തുടര്‍ന്ന് മങ്ങാട്ടുകവല ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മൂവായിരത്തില്‍പ്പരം റവന്യൂ ജീവനക്കാര്‍ പങ്കെടുക്കുന്ന വിളംബര ജാഥ ആരംഭിക്കുകയും തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ സമാപിക്കുകയും ചെയ്യും. 4.30 ന് വാഴൂര്‍ സോമന്‍ നഗറില്‍ (മുന്‍സിപ്പല്‍ മൈതാനം, തൊടുപുഴ) നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.സലിംകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി .റ്റി.ജെ.ആഞ്ചലോസ്, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ്, സി.പി.ഐ മൂലമറ്റം മണ്ഡലം സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി, ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ട്രഷറര്‍ എ.സുരേഷ്‌കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്.രാഗേഷ് തുടങ്ങിയവര്‍ സംസാരിക്കും. കെ.ആര്‍.ഡി.എസ്.എ ജനറല്‍ സെക്രട്ടറി പി.ശ്രീകുമാര്‍ സ്വാഗതവും കെ.ആര്‍.ഡി.എസ്.എ ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്‍സ് ജോണ്‍ നന്ദിയും രേഖപ്പെടുത്തും. തുടര്‍ന്ന് ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദി ഇടുക്കി ജില്ലാ കമ്മിറ്റി ഗാനമേള അവതരിപ്പിക്കും.
ജനുവരി 8 ന് വി.ആര്‍.ബീനാമോള്‍ നഗറിൽ( ഉത്രം ആഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം കേരള റവന്യൂ ഭവന നിര്‍മ്മാണ വകുപ്പുമന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന പ്രസിഡന്റ് എസ്.കെ.എം ബഷീര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനറും കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ഡി.ബിനില്‍ സ്വാഗതം ആശംസിക്കും. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍, സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍.പ്രമോദ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദന്‍, ജോയിന്റ് കൗണ്‍സില്‍ ഇടുക്കി ജില്ലാ സെക്രട്ടറി ആര്‍.ബിജുമോന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിക്കും. തുടര്‍ന്ന് കെ.ആര്‍.ഡി.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഹരിദാസ് ഇറവങ്കര വരവ് -ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഷാനവാസ് നന്ദി രേഖപ്പെടുത്തും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ.സജിത്ത് ഏവൂരേത്ത് അവതരിപ്പിക്കുന്ന സാംസ്‌കാരിക കേരളത്തിന്റെ പാട്ട് വഴിയോരം പരിപാടി നടക്കും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ്‌കുമാര്‍ കുന്നിയൂര്‍, സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വി.വി.ഹാപ്പി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി വി.എച്ച്. ബാലമുരളി അദ്ധ്യക്ഷനും സംസ്ഥാന വൈസ്പ്രസിഡന്റ് സി.എ.അനീഷ് സ്വാഗതവും സെക്രട്ടേറിയറ്റംഗം എം.എസ്.അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തും. തുടര്‍ന്ന് എറണാകുളം കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന നാടന്‍പാട്ട്.
ജനുവരി 9 ന് രാവിലെ 10 മണിക്ക് രണ്ടാം സെറ്റില്‍മെന്റ് നിയമവും അധിക ഭൂമിയുടെ ക്രമവല്‍ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജലവിഭവ വകുപ്പുമന്ത്രി അഡ്വ. റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ വിഷയാവതരണം നടത്തും. അഡ്വ.എ.രാജ എം.എല്‍.എ , എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ വി.സി.ജയപ്രകാശ്, സര്‍വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി.സജീബ്കുമാര്‍, സര്‍വെ ഓഫീസ് ടെക്‌നിക്കല്‍ എംപ്ലോയീസ് യുണിയന്‍ ജനറല്‍ സെക്രട്ടറി എം.മനോജ് തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന വൈസ്പ്രസിഡന്റ് എസ്.പി.സുമോദ് അദ്ധ്യക്ഷനും സംസ്ഥാന സെക്രട്ടറി ആര്‍.സിന്ധു സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എസ്.സുകുമാരന്‍ നന്ദിയും രേഖപ്പെടുത്തും.
ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഇന്നലെയുടെ നായകര്‍ക്കൊപ്പം സി.പിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. മുന്‍കാല സംഘടനാ നേതാക്കളെ ആദരിക്കും. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ആര്‍.രമേശ്, കെ.ആര്‍.ഡി.എസ്.എസംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ജെ.ബെന്നിമോന്‍ എന്നിവര്‍ ആശംസകള്‍ നേരും. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സതീഷ്.കെ.ഡാനിയല്‍ അദ്ധ്യക്ഷനും സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹുസൈന്‍ പതുവന സ്വാഗതവും പറയും. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന വൈസ്പ്രസിഡന്റ് ജി.സുരേഷ്ബാബു പ്രമേയവും സംസ്ഥാന സെക്രട്ടേറിയറ്റംഗം വിനോദ്.വി.നമ്പൂതിരി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. മറുപടിക്കും തെരഞ്ഞെടുപ്പിനും ശേഷം കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം നൗഷാദ്.എം.എം നന്ദി പ്രമേയവും ഇടുക്കി ജില്ലാ സെക്രട്ടറി ഡി.കെ.സജിമോന്‍ നന്ദിയും രേഖപ്പെടുത്തും.
പത്രസമ്മേളനത്തിൽ കെ ആർ ഡി എസ് എ സംസ്ഥാന പ്രസിഡൻറ് എസ് കെ എം ബഷീർ, ജനറൽ സെക്രട്ടറി പി ശ്രീകുമാർ, സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ ഡി ബിനിൽ , കെ ആർ ഡി എസ് എ സംസ്ഥാന ട്രഷറർ ഹരിദാസ് ഇറവങ്കര, സംസ്ഥാന വൈസ് പ്രസിഡൻറ് സി എ അനീഷ് , സംസ്ഥാന സെക്രട്ടറി ആർ സിന്ധു, ജോയിൻറ് കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി ആർ ബിജുമോൻ, കെ ആർ ഡി എസ് ഇടുക്കി ജില്ല സെക്രട്ടറി ഡി കെ സജിമോൻ, ജില്ല പ്രസിഡൻറ് ആൻസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.
