ഇന്നലെ അവസാനിപ്പിച്ചിടത്തു നിന്ന് ഇന്നു തുടങ്ങാം. ഞാറ നീലി വരെ വണ്ടിയിൽ. പിന്നെ നടത്തം. മഴ കഴുകി തോർത്തിയ വാനവും ഭൂമിയും. മഴ പെയ്തു തോർന്നിട്ടും മരം പെയ്യുന്നു. ഇളം നീല വെള്ള ഡിസൈനുകളിൽ മനോഹരമായ ആകാശം. തൊട്ടടുത്ത വയൽപ്പരപ്പിൽ മയിലുകൾ. അരികിലേക്ക് നടന്നു. തങ്ങളുടെ ആവാസവ്യവസ്ഥയിൽ എത്തിയ ആഭാസനെ പുച്ഛത്തോടെ നോക്കി പുറം തിരിഞ്ഞു. പറന്നകന്നു. പൊന്തക്കാട്ടിൽ കുളക്കോഴികൾ. വയലിലെ പുൽപ്പരപ്പിൽ ഇരവിന്റെ മറവിലെത്തിയ മൃഗങ്ങളുടെ കാൽപ്പാടുകൾ. ഇലഞ്ചി യത്തേക്കുള്ള വഴിയിൽ പൂക്കളുടെ വർണോത്സവം. വഴിയിൽ നിറയെ പൂത്തുലഞ്ഞ ചെമ്പരത്തി. കടും ചുവപ്പിന് പൊട്ടുതൊട്ട പോലെ ശങ്കുപുഷ്പം. പശ്ചാത്തലത്തിൽ കാട്ടുപൂക്കൾ. വിട പറയാൻ മടിയായി വസന്തകാലം. ഞാറ നീലിയിൽ നിന്ന് ഇലഞ്ചിയത്തേക്കുള്ള വഴിയിൽ നിരവധി ആദിവാസി പാരമ്പര്യ വൈദ്യാലയങ്ങൾ. ഒളിമ്പ്യൻ അന്തോണി ആദം സിനിമയിൽ കാളപൂട്ട് രംഗത്തിനിടയിൽ കാലിന് പരിക്കേറ്റ മോഹൻലാൽ ഇവിടെയാണ് ചികിത്സ തേടിയത്. ഇനിയെത്തുന്നത് ഇലഞ്ചിയം. ഇവിടെ നിന്നുള്ള സഹ്യസാനുക്കളുടെ കാഴ്ച അതിമനോഹരം. താഴ്‌വാരങ്ങൾക്കും മലനിരകൾക്കും ഇടയിൽ വെള്ളാട്ടിൻകുട്ടികളെ പോലെ വെൺ മേഘ ശകലങ്ങൾ. ബാലാർക്ക കിരണങ്ങളാൽ മഞ്ഞിന്റെ കഞ്ചുകമഴിഞ്ഞുവീണ മലനിരകൾ. ” പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.” ഗ്രാമത്തെ കോരിത്തരിപ്പിച്ചുകൊണ്ട് കവലയിലെ കലുങ്കിൽ തർക്കം.” എടാ ഞാൻ പറഞ്ഞാൽ പറഞ്ഞതാ “…. എനിക്ക് ഒറ്റ തന്തയെ ഉള്ളൂ “……” അതൊരു കുറവായിട്ട് നിനക്ക് തോന്നുന്നുണ്ടോ'”?— എതിരാളി തിരിച്ചടിച്ചു. ചുറ്റുമുയർന്ന ചിരിയിൽ തർക്കം അ ലിഞ്ഞില്ലാതായി. മുന്നോട്ടു നടന്നു വലത്തോട്ട് തിരിഞ്ഞു. ഇത് പോലീസ് കുന്ന്. ആ പേര് വന്നതെങ്ങനെയാവാം എന്നോർത്ത് നിൽക്കുന്നതിനിടയിൽ ഒരു കാട്ടുപന്നി മുന്നിലൂടെ പാഞ്ഞു പോയി. താഴ്വാരവും പിന്നെയൊരു കയറ്റവും കടന്ന് എത്തുന്നത് വിശാലമായ ഭൂപ്രദേശത്ത്. കണ്ണെത്താ ദൂരത്തോളം തുറസായ സ്ഥലത്തിന് പച്ച പരവതാനി വിരിച്ച് വള്ളിച്ചെടികൾ. പശ്ചാത്തലത്തിൽ വരയാടു മൊട്ടയും പൊന്മുടി മലകളും. മഞ്ഞുതുള്ളിയിൽ മഴവില്ല് തീർക്കുന്ന പ്രഭാതസൂര്യൻ. പ്രഭാതം നിൻ മന്ദഹാസം. പ്രദോഷം നിൻ ശോകഭാവം. മുന്നോട്ടുള്ള വഴിയിൽ കണ്ട മരം കൗതുകം ഉണർത്തി. ഒരു വലിയ മരത്തിന്റെ പൊള്ളയായ അടിഭാഗം. അവിടെ കലാഭംഗിയോടെ കല്ലുകൾ അടുക്കി വച്ചിരിക്കുന്നു. ഉച്ചത്തിൽ ഒരു ശബ്ദം. മയിൽ പീലി വിടർത്തുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം. കാടും പടപ്പും തല്ലി മരക്കൂട്ടത്തിലേക്ക്. അവിടെ ഒരു മയിലിനെയും കാണാനില്ല. പറന്നകന്നിട്ടുണ്ടാവാം. ഇവിടെ അടുത്താണ് മഞ്ഞണത്ത് കടവ്. പ്രധാന പാതയിൽ നിന്ന് മാറി കടവിലേക്ക്. പുഴയുടെ കള കളാരവം. കിളികളുടെ കൂജനസ്വരം. മഞ്ഞണത്ത് കടവ്. മരംകൊത്തിയും തത്തയും ഇരട്ടവാലനും. പ്രകൃതിയുടെ വാദ്യഘോഷം. കടവിൽ പുഴയുടെ ലാളനയിൽ പ്രകൃതിയുടെ സ്വച്ഛതയിൽ ഒരു കൊച്ചു വീട്. ആശംസ കാർഡിലെ ചിത്രം പോലെ. അരുവി ഇവിടെ ഒഴുകി താഴ്വാരത്തിലെത്തി വാമനപുരം പുഴയിൽ ചേരുന്നു. പിന്നെ സമുദ്രത്തിലും കടവിൽ നിന്ന് തിരികെ പ്രധാന പാതയിലേക്ക്. ഇനി കയറ്റം ക്ഷീണിച്ചു തുടങ്ങി. ക്യാമറ കണ്ണുകൾക്ക് പകർന്നെടുക്കാനാവും മുന്നേ ഒരു കേഴമാൻ നിരത്ത് മുറിച്ച് കടന്നു. കാട്ടിൽ മറഞ്ഞു. ഈട്ടി മൂടെത്താറായി.. കൊടും വനത്തിൽ വൻമരത്തിൽ ഒരു പരസ്യം. ” മൊബൈൽ പഞ്ചർ “phone……….. പഞ്ചർ ഒട്ടിക്കാൻ വരുന്ന ആനയുടെയും കാട്ടുപോത്തിന്റെയും കാര്യം ഓർത്തപ്പോൾ മനസ്സിൽ ചിരി പടർന്നു. ഈട്ടി മൂടെത്തി. വഴി ഇവിടെ അവസാനിക്കുന്നു. വനം കടന്നാൽ ചെമ്പിക്കുന്ന്. അതും കഴിഞ്ഞാൽ സ്കൂൾ. തൽക്കാലം മടങ്ങാം. കഠിനമായ വിശപ്പ്. ഒട്ടിയ വയർ നട്ടെല്ലിനോട് സ്വകാര്യം പറയുന്നു. മടക്കം. തിരികെ നടത്തം. വീണ്ടും സന്ധിപ്പും വരെ വണക്കം…..
