കുടുംബകഥ പ്രമേയമാകുന്ന സിനിമകള്‍ മലയാളത്തിലും മറ്റ് ഇതര ഭാഷകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. കുടുംബബന്ധങ്ങളുടെ വൈകാരികത ചൂണ്ടിക്കാണിക്കുന്ന എത്രയോ സിനിമകള്‍ മലയാളത്തില്‍ ഹിറ്റും സൂപ്പര്‍ഹിറ്റുകളുമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു കുടുംബം ഒന്നാകെ ഒരു കുടുംബ കഥ സിനിമയാക്കുന്ന അപൂര്‍വ്വമായ ഒരു സിനിമാ അനുഭവമാണ് ‘ഞാന്‍ കര്‍ണ്ണന്‍’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതമായത്. കുടുംബജീവിതത്തിലെ സ്വരച്ചേര്‍ച്ചയും താളപ്പിഴകളുമൊക്കെ ഏറെ ചാരുതയോടെ വൈകാരികത ഒട്ടുമേ ചോര്‍ന്നു പോകാതെ ഒപ്പിയെടുത്ത മനോഹരമായ ഒരു ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ഏറെ പ്രേക്ഷക സ്വാകാര്യത നേടിയ ആ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ഇതാ പ്രേക്ഷകരിലേക്ക് എത്തുന്നു. അഞ്ച് വയസ്സുകാരി ശ്രിയായും എണ്‍പത്തിമൂന്ന് വയസ്സുകാരന്‍ എം. ടി.അപ്പനും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരനും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ചയാളാണ് എം ടി അപ്പന്‍. അദ്ദേഹത്തിന്‍റെ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഞാന്‍ കര്‍ണ്ണന്‍ എന്ന സിനിമ. ചിത്രം സംവിധാനം ചെയ്യുന്നത് എം ടി അപ്പന്‍റെ മകളും ചലച്ചിത്ര സീരിയല്‍ താരവും പ്രൊഫസറുമായ ഡോ. ശ്രിചിത്ര പ്രദീപാണ്. ചിത്രത്തില്‍ നായകവേഷവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത് ശ്രിചിത്രയുടെ ഭര്‍ത്താവായ പ്രദീപ് രാജാണ്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന് ജീവന്‍ കൊടുത്തിട്ടുള്ളത് എം. ടി അപ്പന്‍റെ ഭാര്യയും ശ്രീചിത്രയുടെ അമ്മയുമായ സാവിത്രി പിള്ളയാണ്.പ്രദീപ് രാജിന്‍റെയും ശ്രീചിത്രയുടെയും ഏകമകളായ ശ്രിയയും ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പുതുമയും ഞാന്‍ കര്‍ണ്ണന്‍ എന്ന സിനിമയ്ക്കുണ്ട്. ഈ ചിത്രത്തിന്‍റെ കഥയ്ക്ക് തങ്ങളുടെ കുടുംബജീവിതവുമായി ഏറെ സാമ്യമുണ്ടെങ്കിലും പുതിയ കാലത്തെ കുടുംബ പശ്ചാത്തലമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന് ഡോ.ശ്രീചിത്ര പ്രദീപ് പറഞ്ഞു. കൂട്ടുകൂടുംബ ജീവിത വ്യവസ്ഥയില്‍ നിന്ന് ആധുനിക ജീവിതത്തിലെ അണുകുടുംബത്തിലേക്ക് ചേക്കേറിയ കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും ആകുലതകളും മനശാസ്ത്രപരമായിട്ടാണ് സിനിമ പ്രേക്ഷകരമായി പങ്കുവെയ്ക്കുന്നതെന്ന് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ എം ടി അപ്പന്‍ പറഞ്ഞു. സിനിമ നിര്‍മ്മിക്കുവാനും അതില്‍ നായകവേഷം അണിയുവാനും അവസരം ഉണ്ടായാത് ഒരു നിയോഗമായി കാണുന്നുവെന്നും നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രദീപ് രാജ് ചൂണ്ടിക്കാട്ടി. അങ്ങനെ മലയാള സിനിമയില്‍ അപൂര്‍വ്വമായ ഒരു കുടുംബ ജീവിതത്തിന്‍റെ കൂട്ടായ്മയില്‍ നിന്ന് ഒരുങ്ങുന്ന ചിത്രമാണ് ഞാന്‍ കര്‍ണ്ണന്‍. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.
പി.ആർ. സുമേരൻ.
