കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ തവണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആര്‍. രശ്മി. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഒരിക്കലും ഐഷാ പോറ്റിയെ പരിഗണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഇപ്പോഴുള്ളതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഒരു പ്രാദേശിക ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രശ്മി പറഞ്ഞു. കൊട്ടാരക്കരയിൽ ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തപ്പോൾ സിപിഎമ്മുകാരിയാണെന്ന് അഭിമാനത്തോടെ പറഞ്ഞ ഐഷാ പോറ്റിയെ കോണ്‍ഗ്രസ് പരിഗണിക്കില്ല എന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 10814 വോട്ടുകളുടെ കുറവിലാണ് 2021 ൽ ആർ. രശ്മി പരാജയപ്പെട്ടത്.
ഐഷാ പോറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊട്ടാരക്കരയില്‍ വരുമെന്നത് സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങള്‍ മാത്രമാനെന്നും താന്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പെടുക്കാനല്ല കോൺഗ്രസ് അനുകൂല പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുള്ള ഐഷാ പോറ്റിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും രശ്മി പറഞ്ഞു.
2006ലാണ് ഐഷാ പോറ്റി ആദ്യമായി കൊട്ടാരക്കരയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. മുൻ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ 12,968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു വിജയം. 2011ല്‍ 20,592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി, 2016ല്‍ 42,632 വോട്ടുകളുടെ കൂറ്റന്‍ ലീഡുമായാണ് വിജയം സ്വന്തമാക്കിയത്. അന്ന് മന്ത്രിയോ സ്പീക്കറോ ആയേക്കുമെന്ന് ചര്‍ച്ചകളുണ്ടായെങ്കിലും അതുണ്ടായില്ല.
ഉമ്മന്‍ ചാണ്ടി അനുസമരണത്തിലടക്കമുള്ള വേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ കോണ്‍ഗ്രസിലേക്കെന്നുള്ള ചര്‍ച്ചകള്‍ സജീവമായെങ്കിലും ഐഷാ പോറ്റി തന്നെ അക്കാര്യം നിഷേധിച്ചിരുന്നു. നിലവില്‍ കൊട്ടാരക്കരയിലെ എംഎല്‍എയും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായ കെഎന്‍. ബാലഗോപാലുമായി അത്ര രസത്തിലല്ലെന്ന ചര്‍ച്ചകളുയര്‍ന്നതോടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ഐഷാ പോറ്റിയോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് സാധ്യത. മുന്‍ എംഎല്‍എയുടെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാല്‍ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷയെന്നുമാണ് റിപ്പോര്‍ട്ടുകള്‍…
