ക്ഷാമബത്ത ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണ് -ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:ക്ഷാമബത്ത അവകാശമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്ഷാമബത്ത ആരുടെയും ഔദാര്യമല്ലെന്നും ക്ലിപ്ത വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും വിലക്കയറ്റത്തിന്റെ സൂചിക കണക്കാക്കി സര്‍ക്കാര്‍ അനുവദിക്കുന്നതാണെന്നും തീക്ഷ്ണമായ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള താല്‍ക്കാലിക ആശ്വാസമാണ് ക്ഷാമബത്തയെന്നും അവര്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. സംഘടിത അസംഘടിത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്കെല്ലാം ക്ഷാമബത്ത അവകാശമായി തന്നെ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു. നയപരമായ കാര്യങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങളില്‍ നിന്നും വ്യതിചലിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്ന ഉദ്യോഗസ്ഥരുടെ മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.