ശമ്പള പെൻഷൻ പരിഷ്ക്കരണവും പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കലും മുദ്രാവാക്യങ്ങളായി മാറുന്നു.

കേരളത്തിൽ സർക്കാർ ജീവനക്കാരും  അധ്യാപകരും പെൻഷൻകാരും ഇന്ന് ദുരിതത്തിലാണ്. കിട്ടുന്ന ശമ്പളവും പെൻഷനും കൊണ്ട് ജീവിച്ചു പോകണം. കേരളത്തിലെ ഇടത്തരം മനുഷ്യരുടെ ഭാഗമാണ് മുകളിൽ പറഞ്ഞ വിഭാഗങ്ങൾ. കഴിഞ്ഞ ശമ്പള പരിഷ്ക്കരണം കഴിഞ്ഞിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു 1973 ൽ അച്ചുതമേനോൻ തുടങ്ങി വച്ച അഞ്ചാണ്ട് പരിഷ്ക്കരണമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. കഴിഞ്ഞ പരിഷ്ക്കരണശേഷം പിന്നീട് ഇങ്ങോട്ട് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന രീതിയിൽ സംസ്ഥാന ജീവനക്കാർക്കും ക്ഷാമാ ബത്ത അനുവദിക്കുന്ന കീഴ് വഴക്കം ഉണ്ടായിരുന്നു. എന്നാൽ ക്ഷാമബത്ത സ്വപ്നം ആയി മാറിയാൽ അതിശയിക്കണ്ട കാര്യമില്ല. കുടിശിഖ തന്നെ 32 മാസങ്ങൾക്കപ്പുറമുണ്ട്. കമ്പോളത്തിലെ സാധന വില അടിക്കടി കൂടിക്കൊണ്ടിരിന്നിട്ടും സർക്കാരിന് യാതൊരു കുലുക്കവുമില്ല. എല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറയുന്നു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി പൊതു ഇടങ്ങളിൽ ഇല്ല. ധനകാര്യ മാനേജ് മെൻ്റിൽ മാത്രമാണ് പ്രതിസന്ധി. ജി എസ് ടി വിഷയവും അതിനോടൊപ്പം ഉണ്ടുതാനും. ഇതൊക്കെ ഉണ്ടെങ്കിലും ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ഇത്രയും ദുരിതം അനുഭവിച്ചിട്ടില്ല. കഴിഞ്ഞ കാല ഒരു ഗവൺമെൻ്റും ഇങ്ങനെ ചെയ്തിട്ടില്ല എന്നതാണ് അവരുടെ വാക്കുകളിൽ നിന്ന് കേൾക്കുന്നത്. പങ്കാളിത്തപെൻഷൻ പിൻവലിക്കുന്ന കാര്യത്തിലും ഒരു സമവായമുണ്ടാക്കുന്നതിന് ഒരു ശ്രമവും ഉണ്ടായിട്ടില്ല. ചില സംഘടനകൾ സമരം നടത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഓരോ ജില്ലയിലും ജീവനക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മകൾക്കായ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു സമരത്തിലേക്ക് വന്നാൽ ജീവനക്കാർ ഒന്നടങ്കം അണിചേരുമെന്നാണ് ജീവനക്കാരുടെ ഇടയിലെ സംസാരം.ഏതായാലും വരും നാളുകളിൽ വലിയ പ്രതിഷേധത്തിന് ജീവനക്കാരുടെ കൂട്ടായ്മകൾ തയ്യാറെടുക്കുകയാണ്. ഒരു സംഘടനയോടും സഹകരിക്കാതെയാണ് ഇത്തരം കൂട്ടായ്മകൾ രൂപപ്പെടുന്നത്. സർവീസ് സംഘടനകളൊക്കെ സമരം നിർത്തിവച്ച് ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു പോകുന്നു. സമരങ്ങൾ മരണങ്ങളാകുന്നു.

പത്രാധിപർ.