പിടിക്കുന്നേൽ പുളികമ്പേൽ പിടിച്ചു കേറണം എന്നാണ് എല്ലാവരും പറയാറ്. അവന് നല്ല ജോലിയെങ്കിൽ അടുക്കാം, അല്ലെങ്കിൽ തേയ്ക്കാം എന്നു പറയുന്നവരും നാട്ടിലുള്ളപ്പോഴാണ് വിവാഹം, പ്രണയം അതിൻ്റെ സന്തോഷത്തിനൊന്നും കൂലിപ്പണി ചേരും എന്ന് ആഗ്രഹിച്ച ഒരു പെൺകുട്ടി ശരിക്കും അവൾ പറയാൻ തുടങ്ങി ഇതാ ഇങ്ങനെ
നിനക്ക് വല്ല സർക്കാർ ജോലിക്കാരനെയും കെട്ടികൂടായിരുന്നോ പെണ്ണെ ? ഒന്നുവില്ലെങ്കിലും സ്ഥിരജോലിയുള്ള ഏതെങ്കിലും ചെറുക്കനെ നോക്കികൂടായിരുന്നോ പെണ്ണെ ? എന്തിനാ വെറുതെ ചെറുപ്പത്തിലേ വിവാഹം കഴിച്ച് വിവാഹം ബോറാക്കിയത് എന്ന് ചോദിക്കുന്ന ചില ചങ്ക് സുഹൃത്തുക്കളാണ് എന്നെ ഈ പോസ്റ്റിടാൻ പ്രകോപിപ്പിച്ചത് . സർക്കാർ ജോലിക്കാരനെ കാത്തിരിക്കുന്ന നിങ്ങളോട് ഒരു കൂലിപ്പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല നിമിഷങ്ങളും സന്തോഷങ്ങളും ഞാനിവിടെ പങ്കുവെക്കട്ടെ , അതിനു മുൻപ് ഈ ജീവത്തോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനുള്ള ടിപ്സ് പറഞ്ഞു തരാം
ടിപ്സ് നമ്പർ 1 – എന്റെയച്ഛൻ സാധാരണക്കാരനായ ഒരു പാവം ചുമട്ടു തൊഴിലാളിയാണ്
ടിപ്സ് നമ്പർ 2 – സാദാരണകുടുംബത്തിൽ ജനിച്ചത് കൊണ്ട് അച്ഛൻ വാങ്ങി തരുന്ന എന്തിലും ഞാൻ തൃപ്തയായിരുന്നു
ടിപ്സ് നമ്പർ 3 – ജീവിതത്തിൽ സ്നേഹത്തിനായിരുന്നു ഞാൻ ഏറ്റവും കൂടുതൽ വില കല്പിച്ചത് , അമിതമായുള്ള ആത്മാർത്ഥത കൊണ്ട് ഒരുപാട് പണിയും വാങ്ങിയിട്ടുണ്ട്
ടിപ്സ് നമ്പർ 4 – എന്നും ഇപ്പോഴും ഞാൻ ആരെയും അനുകരിക്കാൻ ശ്രെമിച്ചിട്ടില്ല , ഉള്ളത് കൊണ്ട് ഫ്രീക്കായി അങ്ങ് നടക്കും
ഇനി കാര്യത്തിലേക്ക് കടക്കാം , സുഹൃത്തുക്കൾ കളിയാക്കുമ്പോലെ വളരെ ചെറിയ പ്രായത്തിൽ വിവാഹിതരായവരാണ് ഞാനും എന്റെ കെട്ടിയോനും . പക്ഷെ ഇന്നുവരെ ഒന്നിന്റെയും വിഷമം ഞാൻ അറിഞ്ഞിട്ടില്ല . കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് ഞാൻ ഒരു ഭാര്യാ മാത്രമല്ല ഒരമ്മയും കൂടിയാണ് എന്നത് ..സന്തോഷത്തേക്കാൾ കൂടുതൽ ടെൻഷനുമുണ്ടായിരുന്നു , മുന്പിലേക്കുള്ള ചിലവിന്റെ കാര്യമോർത്ത് . അന്ന് രാഹുലേട്ടൻ എന്നെ കെട്ടിപിടിച്ച് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു , നീയെന്തിനാടി ടെൻഷൻ അടിക്കുന്നത് ഞാനില്ലേ ഇവിടെ എന്ന് . പിന്നീട് അങ്ങോട്ട് പുതിയ ജീവിതത്തിലേക്കും പുതിയ അനുഭവത്തിലേക്കുമുള്ള നെട്ടോട്ടമായിരുന്നു .
എനിക്ക് നാലാം മാസമാണ് രാഹുലേട്ടന് സുഹൃത്തുവഴി ഇപ്പോഴുള്ള ജോലിയിലേക്കുള്ള പ്രവേശനം , അതെ തേപ്പിന്റെ പണി . പണിക്കിടയിൽ ചായകുടിക്കാനുള്ള സമയത്തിനിടയിൽ എന്നെ വെറുതെ ഒന്ന് വിളിക്കും . ആ ഒരു വിളി എനിക്ക് വലിയ ഒരു ആശ്വാസമാണ് . എല്ലാ ടെൻഷനും ഇല്ലാതാവാൻ ഒരു ഒറ്റമൂലി . ഏകദേശം ഒരു മണിയാകുമ്പോഴേക്കും ഞാനും അമ്മയും ചോറും കറിയും ഒക്കെ ഉണ്ടാക്കി വെക്കും .ഞാൻ മാത്രം കഴിക്കില്ല എന്റെ ഭക്ഷണസമയം രണ്ടേകാൽ ആണ് , ആ സമയമാകും രാഹുലേട്ടൻ വരിക . ഗർഭിണികളായ പെൺകുട്ടികൾ എല്ലാം നേരത്തെ ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞ് വഴക്ക് പറഞ്ഞിരുന്ന കാലം . രാഹുലേട്ടന്റെ പഴയ ബൈക്കിന്റെ ശബ്‌ദം കേൾക്കുമ്പോൾ ഒരു സന്തോഷമാണ് , ആ സമയം ഞാൻ വീടിന്റെ പുറത്തിറങ്ങിയിട്ടുണ്ടാകും കാരണം പണ്ട് അച്ഛനുള്ളപ്പോൾ ചെറുപ്പത്തിൽ പലഹാര പൊതികൾക്ക് വേണ്ടി കാത്തിരുന്നത് പോലെ ഞാനും രാഹുലേട്ടൻ കഴിക്കാൻ കൊണ്ടുവരുന്നതിനായി കാത്തിരിക്കും .. ആ പൊതിയിലെ മുഴുവൻ കഴിച്ചാലും എന്റെ വിശപ്പ് മാറില്ല .
പാറു ഉള്ളിൽ ഇരുന്നു മൊത്തം അടിച്ചുമാറ്റുന്നുണ്ടായിരിക്കും എന്ന് പറഞ്ഞ് ഞങ്ങൾ ചിരിക്കും . വന്നപാടെ ബാക്കി പൈസ എന്റെ കയ്യിൽ തരും . ആ പൈസയ്ക്ക് രാഹുലേട്ടന്റെ വിയർപ്പിന്റെ മണമായിരുന്നു . കയ്യിലും കാലിലും സിമെന്റ് പറ്റിയ പാടുകളും ചെളികളും ഉണ്ടാകും . വീട്ടിൽ ഒച്ചയും അനക്കവും വരുന്നത് അപ്പോഴാണ് . പ്രസവം അടുക്കാറായപ്പോൾ ആദ്യത്തെ ഉഷാറൊന്നും എനിക്ക് ഇല്ലാതെയായി . കയ്യിലും കാലിനും ഒക്കെ വേദന , നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ . അപ്പോഴൊക്കെ രാഹുലേട്ടന്റെ സമീപനം എനിക്ക് ആത്മവിശ്വാസം തന്നിരുന്നു . ദിവസങ്ങൾ കഴിഞ്ഞു നാളെയാണ് ആ ദിവസം , പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ പറഞ്ഞ ദിവസം . പൈസയുടെ കാര്യത്തിൽ ടെൻഷൻ ഒന്നുമില്ലെങ്കിലും എന്റെ കാര്യത്തിൽ മൂപ്പർക്ക് വലിയ ടെൻഷൻ ആയിരുന്നു . രണ്ടാഴ്ച കൂടുമ്പോഴുള്ള ചെക്കപ്പും മരുന്നിന്റെയും അല്ലാതെയുമുള്ള ചിലവുകൾ കഴിഞ്ഞ് ബാക്കി പൈസ ഒക്കെ ഞങ്ങൾ സ്വരുക്കൂട്ടി വെച്ചിരുന്നു .
ആശുപത്രിയിൽ എത്തി പിറ്റേ ദിവസം തന്നെ ചെറുതായി അസ്വസ്ഥതകൾ വന്നു തുടങ്ങി , വിവരം വാർഡ് സൂപ്രണ്ടിനെ അറിയിച്ചപ്പോൾ ഡോക്ടർ വന്നു നോക്കി , ഉടനെ തന്നെ ലേബർ റൂമിലേക്ക് മട്ടൻ ഡോകട്ർ പറഞ്ഞു . അപ്പോഴാണ് അമ്മയുടെ ഒരു തമാശയും 22 ആം വയസിൽ ലേബർ റൂമിലേക്ക് എന്ന് . എനിക്ക് വലിയ തമാശയൊന്നും തോന്നിയില്ല . വേദന കൂടി തുടങ്ങിയപ്പോൾ എനിക്ക് രാഹുലെട്ടനെ കാണണം എന്ന് തോന്നി , അത് മാത്രമായിരുന്നു എനിക്ക് മനസിലുണ്ടായിരുന്നത് .പ്രസവം സുഖമായി നടന്നു , ആഗ്രഹിച്ചത് പോലെ തന്നെ പെൺകുഞ്ഞ് , ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല .അന്നത്തെ പോലെ തന്നെ എനിക്കോ മോൾക്കോ യാതൊന്നിനും കുറവില്ല , അങ്ങനെ കുറവ് വരുത്താൻ രാഹുലേട്ടൻ സമ്മതിച്ചിട്ടുമില്ല .
ഗുണപാഠം ഒന്ന് – കൂലിപ്പണിക്കാരന്റെ ഭാര്യാ ആയത് കൊണ്ട് ഞാൻ ഗര്ഭിണിയാവാതിരുന്നില്ല
ഗുണപാഠം 2 – സുഖപ്രസവം ആവണ്ടിരുന്നില്ല
ഗുണപാഠം 3 – കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാക്കിയില്ല
ഗുണപാഠം 4 – പട്ടിണി കിടന്നിട്ടില്ല , സ്നേഹത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല
ഞാൻ പഴയതിലും നന്നായത് അല്ലാതെ മെലിഞ്ഞിട്ടില്ല , ജോലി സർക്കാർ ജോലിയാണെങ്കിലും കൂലിപ്പണിയാണെങ്കിലും സംഭവിക്കാനുള്ളത് എന്തായാലും സംഭവിക്കും നല്ലത് ആണെങ്കിലും ചീത്തയാണെങ്കിലും . മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ത് കരുതുന്നു എന്ന് മാറ്റി നിര്തുയാൽ തന്നെ നമ്മുടെ ജീവിതം പകുതി സന്തോഷമുള്ളതായി തീരും