മെഡിസെപ്പ് – ഉത്തരവില്‍ വ്യക്തത വരുത്തുകയും ജി.എസ്.ടി ഒഴിവാക്കുകയും വേണം -ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം നടപ്പിലാക്കുന്ന മെഡിസെപ്പ് പ്രീമിയത്തില്‍ പ്രതിവര്‍ഷം 8237 രൂപയും 18 % ജി.എസ്.ടി യും ചേര്‍ത്ത് 9720 രൂപ ഈടാക്കുന്നതായാണ് ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. നിലവില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സുകള്‍ക്ക് ജി.എസ്.ടി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുള്ളതാണ്. എന്നിട്ടും മെഡിസെപ്പില്‍ പ്രതിവര്‍ഷം 1483 രൂപ ജി.എസ്.ടി ഇനത്തില്‍ ഈടാക്കുന്നതില്‍ ജോയിന്റ് കൗണ്‍സില്‍   പ്രതിഷേധിച്ചു. പ്രീമിയം തുക വര്‍ദ്ധിപ്പിക്കുമ്പോള്‍ മികച്ച ആശുപത്രികളെ എം-പാനല്‍ ചെയ്യുമെന്നും ഇന്‍ഷ്വറന്‍സ് കവറേജ് 5 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല.
മെഡിസെപ്പിന്റെ പ്രീമിയം വര്‍ദ്ധിപ്പിക്കുന്ന ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ വാര്‍ഷിക കവറേജ് വ്യക്തമാക്കണമെന്നും പ്രീമിയത്തോടൊപ്പമുള്ള ജി.എസ്.സി ഒഴിവാക്കി പ്രതിമാസ അടവ് തീരുമാനിക്കണമെന്നും എം-പാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളുടെ പേര് അനുബന്ധമായി ഉള്‍പ്പെടുത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.