തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ ഇനി തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ തന്നെ സർവീസ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ-ബസുകളുടെ വിന്യാസവും കരാർ ലംഘനവും കുറഞ്ഞ നിരക്കില്‍ നഗരവാസികള്‍ക്ക് യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് ഇ-ബസുകള്‍ നല്‍കിയതെങ്കിലും കെഎസ്ആർടിസി കരാർ ലംഘിച്ച് ഇവ മറ്റു ജില്ലകളിലേക്ക് മാറ്റിയതായി മേയർ കുറ്റപ്പെടുത്തി.
പല ബസുകളും കൃത്യമായ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ ബസുകള്‍ തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയില്‍ നടപ്പിലാക്കുന്ന പ്രധാന പരിഷ്കാരങ്ങള്‍ അഴിമതി തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി നഗരസഭയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും പൂർണ്ണമായും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റും.
നഗരസഭാ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിർത്തലാക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം തീരുമാനമെടുക്കും. കാലഹരണപ്പെട്ട വാടക നിരക്കുകള്‍ പുതുക്കി നിശ്ചയിക്കും. നികുതി പിരിവ് ഊർജ്ജിതമാക്കി നഗരസഭയുടെ സാമ്പത്തിക സ്രോതസ്സ് ശക്തിപ്പെടുത്തും. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിനെ മാതൃകയാക്കി തിരുവനന്തപുരത്തും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിഷ്കരിക്കും. ‘വയോമിത്രം’ പദ്ധതി എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും. തെരുവ് കച്ചവടക്കാർക്കായി കേന്ദ്ര സഹായം ലഭ്യമാക്കും. തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ ഷെല്‍ട്ടറുകള്‍ നിർമ്മിക്കും.
വിഴിഞ്ഞം തുറമുഖം, ഐടി മേഖല, മെഡിക്കല്‍ – ആത്മീയ ടൂറിസം എന്നിവയ്ക്ക് മുൻഗണന നല്‍കിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാകും നഗരസഭ ഏറ്റെടുക്കുക. 101 വാർഡുകളിലെയും കൗണ്‍സിലർമാരില്‍ നിന്ന് അടിയന്തര പ്രാധാന്യമുള്ള പരാതികള്‍ ശേഖരിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.
