ശമ്പളപരിഷ്‌കരണവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടണം -ജോയിന്റ് കൗണ്‍സില്‍.

എറണാകുളo:കേരളത്തിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മേഖലയില്‍ നടപ്പാക്കേണ്ട 12 -ാം ശമ്പള പരിഷ്‌കരണ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷ തത്വം പാലിച്ച് 2024 ജൂലൈ മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണം ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാതിരിക്കുന്നത് ജീവനക്കാരുടെ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആറ് വര്‍ഷം മുമ്പ് പരിഷ്‌കരിക്കപ്പെട്ട ശമ്പളാനുകൂല്യത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഴിയാതെ ജീവനക്കാരും അദ്ധ്യാപകരും പ്രയാസപ്പെടുന്നു. 13% ക്ഷാമബത്ത കുടിശ്ശികയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നത് ജീവനക്കാരുടെ മേഖലയില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന അവസരങ്ങളില്‍ മാത്രമാണ് വലതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ച ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കിയത്. അതേ കീഴ്‌വഴക്കം പാലിച്ചുകൊണ്ട് 2024 ജൂലൈ മുന്‍കാല പ്രാബല്യത്തില്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പങ്കാളിത്ത പെന്‍ഷന്‍ ഇടതുപക്ഷ നയമല്ലെന്നും അത് ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പത്ത് കൊല്ലം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല. അദ്ധ്യാപക -സര്‍വീസ് സംഘടന സമരസമിതി നടത്തിയ നിരന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് ധനകാര്യ വകുപ്പുമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടും ഇതുവരെ ആ വിഷയത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ എടുക്കാത്തത് സര്‍വീസിലെ പകുതിയിലധികം വരുന്ന പങ്കാളിത്ത പെന്‍ഷനിലുള്‍പ്പെട്ട ജീവനക്കാരേയും അവരുടെ കുടുംബങ്ങളെയും ആശങ്കപ്പെടുത്തുന്നു. ശമ്പള പരിഷ്‌കരണവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്ന് എറണാകുളത്ത് കെ.കെ.ഇന്റര്‍നാഷണലില്‍ ചേര്‍ന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചെയര്‍മാന്‍ എസ്.സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.