ബില്‍ജിത്തിന്‍റെ ഹൃദയം 13കാരി ഏറ്റുവാങ്ങി

കൊച്ചി. ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസ്സുകാരിയുടെ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി.വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന് കാരിക്ക് മാറ്റിവെച്ചത്. പുലർച്ചെ 1.20 നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള വാഹനം ലിസി ആശുപത്രിയിൽ എത്തിയത്.രാത്രി 12:45നാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെ ഹൃദയവുമായി ആരോഗ്യപ്രവർത്തകർ ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടത്.വഴിയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ കൊച്ചി സിറ്റി പോലീസും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

നെടുമ്പാശേരി കരിയാട് ദേശീയപാതയിൽ സെപ്‌തംബർ രണ്ടിന് രാത്രി വാഹനാപകടത്തിൽ പരിക്കേറ്റ വട്ടപറന്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു (18) അന്നുമുതൽ വെൻ്റിലേറ്റർ സഹായത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ ശനിയാഴ്‌ച ബിരിയാണി ചലഞ്ച് നടത്താൻ നാട്ടുകാർ തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഒരുക്കങ്ങൾക്കിടെ വെള്ളിയാഴ്‌ച മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. , എല്ലാവരുമായും സൗഹൃദത്തിലായിരുന്ന ബിൽജിത്ത്, നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഏഴുപേർക്ക് പുതുജീവൻ നൽകി വിടപറഞ്ഞ ബിൽജിത്ത് ഇടവകയിലെ അൾത്താര ബാലൻ ആയിരുന്നു എന്ന് ബിൽജിത്തിന്റെ അങ്കിൾ ബെന്നി പറഞ്ഞു.ഹൃദയവേദനയോടെയാണെങ്കിലും ഏഴു പേർക്ക് പുതുജീവൻ നൽകും എന്നറിഞ്ഞതോടെയാണ് മാതാപിതാക്കൾ ഉൾപ്പെടെ അവയവ മാറ്റ ശസ്ത്രക്രിയ എന്ന തീരുമാനം അംഗീകരിച്ചത് എന്ന് മറ്റൊരു ബന്ധു ബാബുവും പറഞ്ഞു.