കൊല്ലം: നഗരം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി ഇന്നലെ സായാഹ്നം ദര്‍ശിച്ചത്. ചുവന്ന വാകമരം പൂത്തിറങ്ങിയ പോലെ ആയിരക്കണക്കിന് ചെങ്കുപ്പായക്കാര്‍ നഗരഹൃദയത്തിലെ വീഥിയിലൂടെ മാര്‍ച്ച് ചെയ്തു.
ജില്ലയിലെ 21 മണ്ഡലം കമ്മിറ്റികളുടെ പ്ലക്കാര്‍ഡുകള്‍ക്ക് പിന്നില്‍ യുവതയുടെ ശക്തി തെളിയിച്ച മാര്‍ച്ചാണ് സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്നത്. ഉച്ചയോടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വോളണ്ടിയര്‍മാര്‍ എത്തി ആശ്രാമം മൈതാനത്ത് കേന്ദ്രീകരിച്ചു. തുടര്‍ന്ന് ഓരോ മണ്ഡലം അടിസ്ഥാനത്തില്‍ അണിനിരന്നു. ജനറല്‍ സെക്രട്ടറി ഡി രാജ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് തുടങ്ങിയതിന്റെ അറിയിപ്പായി കദിനകള്‍ മുഴങ്ങി. ആദ്യം കൊട്ടാരക്കര മണ്ഡലവും അവസാനം കൊല്ലം ഈസ്റ്റുമാണ് അണിനിരന്നത്.
കൊട്ടാരക്കരക്ക് പിന്നിലായി കരുനാഗപ്പള്ളി, ഓച്ചിറ, അഞ്ചല്‍, പുനലൂര്‍, കടയ്ക്കല്‍, ചടയമംഗലം, നെടുവത്തൂര്‍, കുന്നത്തൂര്‍, കുണ്ടറ, മുഖത്തല, ചാത്തന്നൂര്‍, പരവൂര്‍, കൊല്ലം, ശൂരനാട്, അഞ്ചാലുംമൂട്, ചവറ, പത്തനാപുരം, കുന്നിക്കോട്, കൊല്ലം ഈസ്റ്റ് എന്നീ പ്രകാരമാണ് വോളണ്ടിയര്‍മാര്‍ മാര്‍ച്ച് ചെയ്തത്.
തുറന്ന വാഹനത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര എക്സിക്യൂട്ടീവംഗം കെ പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി പി എസ് സുപാല്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ സാം കെ ഡാനിയേല്‍, എം എസ് താര എന്നിവര്‍ സഞ്ചരിച്ചു.
വോളണ്ടിയര്‍മാരില്‍ നല്ലൊരു ഭാഗവും യുവതികളായിരുന്നു. കൊച്ചുകുട്ടികള്‍ പോലും അടിവച്ചടിവച്ച് യൂണിഫോമില്‍ മുന്നോട്ട് നീങ്ങുന്ന കാഴ്ച ആവേശകരമായിരുന്നു. പരിശീലനം സിദ്ധിച്ച വോളണ്ടിയര്‍മാര്‍ ചിട്ടയോടെ നടത്തിയ മാര്‍ച്ച് സമീപകാലം കൊല്ലം ദര്‍ശിച്ച ഏറ്റവും വലിയ റെഡ് വോളണ്ടിയര്‍ മാര്‍ച്ചായിരുന്നു.
ചെങ്കടലായി കൊല്ലം നഗരം. ആവേശത്തോടെ യുവത.
