കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വൻതോതിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ചത് പിടികൂടി. ആദിനാട് വടക്ക് കോയിക്കൽ വീട്ടിൽ ശ്രീരാജ് (39) നെ അറസ്റ്റ് ചെയ്തു. ഇയാളുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമായി 190 കുപ്പികളിലായി 95 ലിറ്റർ മദ്യം പിടിച്ചെടുത്തു.
ഓച്ചിറ കാളകെട്ട് മഹോത്സവം , അടുത്ത ദിവസങ്ങളിലെ ഡ്രൈ ഡേകൾ എന്നിവയുമായി ബന്ധപ്പെട്ട് വൻതോതിൽ മദ്യം ശേഖരിച്ച് വച്ച് വലിയ തുകക്ക് വിൽക്കുന്നതിനായാണ് ഇയാൾ മദ്യം സൂക്ഷിച്ചത്.സ്കൂട്ടറിൽ കൊണ്ടുനടന്ന് മദ്യ വില്പന നടത്തുന്നതിനിടയിൽ എക്സൈസിന്റെ പിടിയിലായ ശ്രീരാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള മദ്യ ശേഖരം കണ്ടെത്തിയത്. പരിശോധനയിൽ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ജി രഘുവിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അഭിലാഷ്. ജി, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോപകുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പങ്കെടുത്തു.