കൊല്ലം : സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്ക്ക് കടലോര ജാഗ്രത സമിതിയുടെജില്ലാ തല കമ്മറ്റി
വിശാലമായ തീരദേശവും അന്തർദേശീയ കപ്പൽ ചാനലിന്റെ സാന്നിദ്ധ്യവും തീരസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ തീരദേശവാസികളുമായി ചേർന്ന് തീരസുരക്ഷയിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പോലീസ് കടലോര ജാഗ്രതാ സമിതി ജില്ലാ തല യോഗം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ ആദ്യമായി കൊല്ലം സിറ്റിയിലാണ് കടലോര ജാഗ്രത സമിതിയുടെ ജില്ലാതല രൂപീകരണം നടന്നത്. 02.08.2025 വൈകുന്നേരം 05.00 മണിക്ക് കൊല്ലം സിറ്റി പോലീസ് ക്ലബ്ബിൽ വച്ച് ജില്ലാ പോലീസ് മേധാവി ശ്രീമതി. കിരൺ നാരായണൻഐ.പി.എസ് ൻ്റെ അധ്യക്ഷതയിൽ കടലോര ജാഗ്രത സമിതിയുടെ ജില്ലാ തല ആദ്യ യോഗം ചേർന്നു. ജില്ലാ പോലീസ് മേധാവി കടലോര ജാഗ്രത സമിതിയുടെ പ്രാധാന്യവും തീരസുരക്ഷയിൽ വഹിക്കേണ്ട പങ്കിനെപ്പറ്റിയും ആമുഖമായി സംസാരിച്ചു. സ്പെഷൽ ബ്രാഞ്ച് എ.സി.പി, എ.പ്രദീപ്കുമാർ വിഷയ അവതരണം നടത്തി. തുടർന്ന് നടന്ന ചർച്ച അഡീഷണൽ എസ്.പി ശ്രീ.സക്കറിയ മാത്യു നയിച്ചു. തീരപ്രദേശത്തെ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിക്കുന്ന പ്രതിനിധികൾ അവരുടെ പ്രശ്നങ്ങളും പരിമിതികളും ആശങ്കകളും യോഗത്തിൽ പങ്ക് വച്ചു. ചർച്ചയിൽ തീരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പോലീസുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കടലിലും തീരത്തുമുണ്ടകുന്ന പ്രശ്നങ്ങൾ പോലീസിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്നും പ്രതിനിധികൾ ഉറപ്പ് നൽകി. ജാഗ്രത സമിതി ജില്ലാ പ്രതിനിധികളായ ഫ്രാൻസീസ് സേവ്യർ, ബാഹുലേയൻ, ജോൺ തോമസ് തുടങ്ങിയവർക്ക് പുറമേ എ.സി.പി.മാരായ നസീർ.എ, എസ്.ഷരീഫ് അലക്സാണ്ടർ തങ്കച്ചൻ, തീരദേശ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഓർ തുടങ്ങിയവർ പങ്കെടുത്തു.