കൊല്ലം :ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയും നടപ്പാക്കാൻ വേണ്ടിമാത്രമെന്ന് സിപിഐ സംസ്ഥാനകൗണ്‍സിലംഗം അജിത് കൊളാടി പറഞ്ഞു. മനുഷജീവനോട് പ്രതിബദ്ധത ഇല്ലാത്ത ഭരണഘടനയെ ലഘൂകരിക്കുന്ന രീതിയിലേക്ക് പോകുന്ന ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത്.ഭരണഘടനാധാര്‍മ്മികതയാണ് നമുക്ക് വേണ്ടത് എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ആ ധാര്‍മ്മികത നേടാന്‍ നമുക്ക് ഇന്നുവരെയും കഴിഞ്ഞിട്ടില്ല. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടാണ് ഫാസിസ്റ്റുകള്‍ ഇവിടെ നിറഞ്ഞാടുന്നത്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന് ഭരണഘടനയില്‍ വ്യക്തമായി അബേദ്കര്‍ എഴുതിവച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനം സാഹോദര്യമാണ് എന്ന് അംബേദ്കര്‍ പറഞ്ഞു. എന്നാലിന്നത്തെ ഭരണകൂടത്തിന് മൈത്രി എന്ന വാക്ക് കൈമോശം വന്നിരിക്കുന്നു. കന്ന്യാസ്ത്രീകള്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ ആദിവാസികള്‍ക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ ഈ മൈത്രി നമുക്ക് നഷ്ടമായി. മതമില്ലാത്ത കാലത്തിലെ രാമനെയാണ് ഇന്ന് ഹിന്ദുത്വവാദികള്‍ മതത്തിന്റെ രൂപത്തില്‍ ഉപയോഗിക്കുന്നത്. ഒന്നാംസ്വാതന്ത്ര്യസമര ചരിത്രത്തെപ്പറ്റി പഠിക്കാത്ത ഒരുതലമുറ ഇവിടെ ഉണ്ടാകുന്നു. ശരിയായ ചരിത്രം പഠിക്കാത്ത വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്കൂളുകളിലും കലാലയങ്ങളിലും ഉണ്ടാകുന്നത്. അങ്ങനെയുള്ള കുട്ടികള്‍ എങ്ങനെയാണ് മതേതരത്വം മനസിലാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.സി.പി ഐ കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഭരണഘടന- ഫെഡറിലിസം-മതേതരത്വം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.സെമിനാറിൽ ജില്ലാ അസി. സെക്രട്ടറി എം എസ് താര മോഡറേറ്റർ ആയിരുന്നു. എ രാജീവ് സ്വാഗതവും അഡ്വ. വിനീത വിൻസന്റ് നന്ദിയും പറഞ്ഞു.
നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയുമായി.
