പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

കൊല്ലം പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ശാക്തികരണം ലക്ഷ്യമാക്കി വിവിധ ബോധവല്‍ക്കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി ‘ഒപ്പം’ എന്ന പേരില്‍ നടത്തിയ ഏകദിന ശില്‍പ്പ ശാല പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഏകദിന ശില്‍പ്പശാലയില്‍ കൊല്ലം എം.എല്‍.എ എം.മുകേഷ് അദ്ധ്യക്ഷനായി. എന്തിനു ഏതിനു പരാതികള്‍ നല്‍കുന്ന രീതി പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ സംരക്ഷണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശില്‍പ്പശാലയില്‍ വിഷിഷ്ടാതിഥിയായി കൊല്ലം മേയര്‍ ഹണി ബഞ്ചമിനും മുഖ്യാതിഥിയായി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപനും പങ്കെടുത്തു. കൊല്ലം സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് വിഷയാവതരണം നടത്തിയ ചടങ്ങില്‍ കെ.പി.എം.എസ് ജന.സെക്രട്ടറി പി.കെ വിനോദ്, കൊല്ലം എസിപി ഷെരീഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി പ്രതീപ്കുമാര്‍, ഡി.സി.ബി എസിപി ബിനു ശ്രീധര്‍, നര്‍ക്കോട്ടിക് സെല്‍ എസിപി ജയചന്ദ്രന്‍, ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തെകുറിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.പി ഡോ.എ.നസ്സിമും കരിയര്‍ ഗൈഡന്‍സ് ക്ലാസ് എഡ്യുകേഷന്‍ സൈക്കോളജിസ്റ്റ് യഹിയ.പി.അമയവും, സ്വയം തൊഴില്‍ പരിശീലന ക്ലാസ് കൊല്ലം എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഷാജിതാ ബീവിയും നയിച്ചു. രാവിലെ 11 മണിക്ക് ആരഭിച്ച് 4.30 മണിയോടെ അവസാനിച്ച ചടങ്ങിന് ഡിസിആര്‍ബി എസിപി നസീര്‍ നന്ദിയും അറിയിച്ചു.
ഒപ്പം എന്ന പേരില്‍ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനപങ്കാളിത്തത്തോടെ സ്ത്രീകളുടെയും കുട്ടകളുടെയും ഉന്നമനം ലക്ഷ്യമാക്കി വ്യത്യസ്തങ്ങളായ പരിപാടികളോടെ നടപ്പിലാക്കുമെന്ന് കൊല്ലം സിറ്റി പോലീസ് അറിയിച്ചു.