ഉദയാ ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം.

മൈനാഗപ്പള്ളി:2025ലെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉദയാ ലൈബ്രറി  ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
ആർ.പി. സുഷമ ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള ഇന്ത്യ, അതിൻറെ ഗ്രാമങ്ങൾ നഗരങ്ങളായി മാറുന്ന വികാസപരിണാമപ്രക്രിയ, അവിടെ ജീവിച്ച മനുഷ്യരുടെ ആന്തരികവും ബാഹ്യവുമായ ലോകം, നാനാ സ്വഭാവത്തിലുള്ള മനുഷ്യരുടെ ഭൗതികലോകവും മാനസികതലങ്ങളും ലളിതമായ ദാർശനികബോധത്തോടെ അവതരിപ്പിച്ച, മലയാളത്തിൻറെ തനി നാട്ടുമ്പുറഭാഷയുടെ പ്രയോക്താവായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് പി. ശിവപ്രസാദ് പറഞ്ഞു. സ്വന്തം ജീവിതാനുഭവങ്ങൾ ആയിരുന്നു ബഷീറിൻറെ പ്രതിഭയുടെ പ്രധാന ഇന്ധനം.
ആ മൂശയിൽ ഉരുകിത്തെളിഞ്ഞ ജീവിതാവബോധങ്ങൾ സാധാരണ മനുഷ്യരുടെ ഭാഷയിലൂടെയും വിനിമയങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചപ്പോൾ അതിന് ഇതിഹാസമാനങ്ങൾ കൈവന്നു.
നന്മയുടെയും തിന്മയുടെയും സങ്കല്പങ്ങൾ അവിടെ കീഴ്മേൽ മറിഞ്ഞു. ദൈവവും ചെകുത്താനും അധിവസിക്കുന്ന മനുഷ്യമനസ് അനാവരണം ചെയ്യപ്പെട്ടു. ചുറ്റുമുള്ള മനുഷ്യരുടെ സന്തോഷസന്താപങ്ങളും ചതികളും തമാശകളും ഹുങ്കും മുഷ്ക്കും ഉൾക്കൊള്ളുന്ന പദസഞ്ചയം അങ്ങനെ അദ്ദേഹത്തിന് സ്വന്തമായി.
ആയിരക്കണക്കിന് പുറങ്ങളിലൂടെ ഇതര മഹാസാഹിത്യകാരന്മാർ അവതരിപ്പിച്ച ജീവിതങ്ങളെ എൺപതും നൂറും പുറങ്ങളിലൂടെ ബഷീർ അന്യാദൃശമായ കൈയൊതുക്കത്തോടെ അവതരിപ്പിച്ചു. അങ്ങനെ ബഷീർ തന്നെ ഒരു നാടൻ ഐതിഹ്യത്തിലെ കഥാപാത്രത്തെപ്പോലെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി. മലയാളി വായനക്കാരുള്ള എല്ലാ ദേശങ്ങളും ബഷീറിനെ ഓർക്കുകയും അദ്ദേഹത്തെ ആവർത്തിച്ചു വായിക്കുകയും ചെയ്യുന്നു.
ഇത് അനന്യസാധാരണമായ ഒരു കാര്യമായി പറയേണ്ടതുണ്ട്.
ഈ അനന്യത വൈക്കം മുഹമ്മദ് ബഷീറിനെ അനശ്വരനാക്കി മാറ്റുന്നതായും അദ്ദേഹം വ്യക്തമാക്കി.എസ്.ബഷീർ, താലൂക്കു വനിതാ വായനാ മത്സരവിജയിപി.എസ്.അജിത എന്നിവർ സംസാരിച്ചു.  മണക്കാട്ടു രവീന്ദ്രൻ സ്വാഗതവും, എം. ഐശ്വര്യ നന്ദിയും പറഞ്ഞു.  ബി.സരോജാക്ഷൻ പിള്ള,   കെ.എസ്.രാധാകൃഷ്ണൻ,  കെ.കെ. വിജയധരൻ,  എസ്.ആർ.ശ്രീകല, വി.ഉണ്ണികൃഷ്ണൻ, കോയിക്കൽ സുരേഷ്, പി. അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *