സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
കൊല്ലം:വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടി ‘ഓണനിലാവ് 2025′ ന് സമാപനം. കൊല്ലം ബീച്ചിലെ പ്രധാന വേദിയിൽ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സഹോദര്യത്തിന്റെ സന്ദേശം ഉയർത്തുന്ന ഓണം കേരളീയർ ഒത്തൊരുമിച്ച് ആഘോഷിക്കുകയാണ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി ഡിടിപിസിയും ജില്ലാ ഭരണകൂടവും സർക്കാരും ചേർന്ന് ബൃഹത്തായ ഓണാഘോഷമാണ് സംഘടിപ്പിച്ചത്. സിവിൽ സപ്ലൈസ്, ത്രിവേണി, മാവേലി സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങൾ വഴി സർക്കാർ അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കിയതോടെ ജനങ്ങൾക്ക് ഓണം സമൃദ്ധിയുടെ ഓണമായി മാറി. ജില്ലയിൽ നടന്ന കന്നേറ്റി ജലോത്സവം കാണാൻ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടി. കേരളീയർക്കൊപ്പം ഓണം ഉത്സവമാക്കാൻ വിദേശികളുമെത്തി. കൊല്ലം ബീച്ച് ആധുനികവത്ക്കരണ പദ്ധതി ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എം നൗഷാദ് എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ മുഖ്യാതിഥിയായി.
സെപ്റ്റംബർ നാല് മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വേദികളിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്.
‘ഓണനിലാവ് 2025’ കലാപരിപാടികൾ (സെപ്റ്റംബർ 8)
വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷപരിപാടിയായ ‘ഓണനിലാവ് 2025′ ന്റെ ഭാഗമായി ജില്ലയിൽ സെപ്റ്റംബർ എട്ടിനു വൈകിട്ടു ഏഴ് മുതൽ വിവിധ കലാപരിപാടികൾ നടക്കും.
ചാത്തിനാംകുളം പീപ്പിള്‍സ് ലൈബ്രറിയില്‍ പെരുമ്പുഴ പ്രമോദ് അവതരിപ്പിക്കുന്ന ‘ഗാനമഞ്ജരി’, ആശ്രാമം ഉദയയുടെ വേദിയില്‍ വരമൊഴിക്കൂട്ടം സംഘത്തിന്റെ ‘നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും’, ചവറ വികാസ് കലാസാംസ്‌കാരിക സമിതിയുടെ വേദിയില്‍ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം ‘ശാകുന്തളം’, ഉളിയക്കോവില്‍ വൈദ്യശാല ഓണാഘോഷ കമ്മിറ്റിയുടെ വേദിയില്‍ ബാലഗോപാല്‍ നയിക്കുന്ന ‘ദി ബിഗ്’ ബാന്‍ഡിന്റെ ഇന്‍സ്ട്രുമെന്റല്‍ വയലിന്‍ ഫ്യൂഷൻ എന്നിവ അരങ്ങേറും.