കൊട്ടിയം; മുൻ വിരോധം നിമിത്തം സൈനികനായ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായ്. തഴുത്തല പി.കെ ജംഗ്ഷനിൽ, നബീസാ മൻസിലിൽ, സിയാദ് മകൻ ഷംനാദ്(24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട ബീഡി കിച്ചു എന്ന് അറിയപ്പെടുന്ന വിനീത്(28) നെ നേരത്തെ തന്നെ പോലീസ് സംഘം പിടികൂടിയിരുന്നു. തഴുത്തല പേരെയം പ്രീതാ ഭവനിൽ രാഹുൽ(22) നെയാണ് ഇവർ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. മുൻവിരോധം നിമിത്തം ആഗസ്റ്റ് മാസം 24-ാം തീയതി രാത്രി 08.00 മണിയോടെ കുടുബത്തോടൊപ്പം യാത്ര ചെയ്യ്ത് വരികയായിരുന്ന രാഹുലിനെ ഷംനാദും വിനീതും ചേർന്ന് തടഞ്ഞ് നിർത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാഹുലിന്റെ ഒരു പല്ല് ഒടിഞ്ഞ് പോകുന്നതിനും സഹോദരന്റെ ചെവിക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കി. തുടർന്ന് കൊട്ടിയം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പോലീസ് സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾക്കായുള്ള തെരച്ചിൽ നടത്തി വരുന്നതിനിടയിൽ പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. പോലിസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിഥിൻ നളൻ, വിഷ്ണു, മിഥുൻ, സിപിഒ മാരായ സാം മാർട്ടിൻ, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
സൈനികനായ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിൽ
