കൊല്ലം സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ റീഡിംഗ് ക്ലബ്ബ് രൂപീകരിക്കുകയും വായനാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. കല്ലുവാതുക്കൽ സുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടന്ന കൂട്ടായ്മയിൽ വച്ച് ഇരുപത്തിയഞ്ച് കുട്ടികൾ അടങ്ങുന്ന റീഡിംഗ് ക്ലബ്ബിന്റെ ഉദ്ഘാടനം കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി. എസ് നിർവ്വഹിച്ചു. ആറാം ക്ലാസ്സ്‌കാരി ശ്രീനന്ദന റീഡിംഗ് ക്ലബ്ബിന്റെ കൺവീനറായി. തുടർന്ന് നടന്ന വായനാ സദസ്സിൽ സിറ്റി പോലീസ് കമ്മീഷണർ കുട്ടികളുമായി സംവദിച്ചു.
മുക്ത്യോദയം പദ്ധതിക്ക് കീഴിൽ ”വായിച്ചു വളരാം ….. വാനോളം ഉയരാം ” എന്ന സന്ദേശം ഉയർത്തി രണ്ടാമത് റീഡിംഗ് ക്ലബ്ബിനാണ് ഇപ്പോൾ രൂപം നൽകിയത്. കല്ലുവാതുക്കൽ സെറ്റിൽമെന്റ് ഉന്നതി അടക്കമുള്ള മേഖലയിലെ മുന്നൂറോളം കുടുംബങ്ങളിൽ നിന്നുമാണ് റീഡിംഗ് ക്ലബ്ബിലേക്ക് കുട്ടികളെ കണ്ടെത്തിയത്. ഈ മേഖലയ്ക്ക് വേണ്ടി മുക്ത്യോദയം പദ്ധതി പ്രകാരമുള്ള കൗൺസിലിംഗ് ഹെൽപ്പ് ഡെസ്‌ക്കിനും തുടക്കം കുറിച്ചു. വയോജന കേന്ദ്രം സ്ഥാപകൻ റൂവൽ സിംഗ്, സൈക്കോളജിസ്റ്റ് വിവേക്, കോട്ടാത്തല ശ്രീകുമാർ, മുക്ത്യോദയം ജില്ലാ കോ-ഓർഡിനേറ്റർ സബ് ഇൻസ്‌പെക്ടർ ഡി.രാജു, ജിനു, സംഗീത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.