കളഞ്ഞുകിട്ടിയ സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകി

കൊല്ലം:വിനോദ സഞ്ചാരത്തിനായി കൊല്ലെത്തെത്തിയ ചെന്നൈ സ്വദേശിയുടെ നഷ്ടപ്പെട്ട സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് കൊട്ടിയം പോലീസിന്റെ സഹായത്തോടെ തിരിച്ചു നൽകി. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാജീവാണ് മൺട്രോത്തുരുത്തിൽ എത്തിയ ചെന്നൈ സ്വദേശിയായ യുവതിയുടെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി മതൃകയായത്. 04.10.2025 തീയതി കൊല്ലത്തുനിന്നും സവാരി കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന രാജീവിന് കൊട്ടിയം ജംഗ്ഷനിലെ പത്മ ജൂവലറിക്ക് മുൻവശം വച്ചാണ് ബാഗ് ലഭിക്കുന്നത്, ടിയാൻ ബാഗുമായി പത്മ ജ്വല്ലറി ഓണറുമായി ബന്ധപ്പെടുകയും രാജീവും പത്മജ്വല്ലറി ജീവനക്കാരും ചേർന്ന് കൊട്ടിയം സ്റ്റേഷനിൽ എത്തി ബാഗ് പോലീസിന് കൈമാറുകയും ചെയ്തു. ഉടമയുമായി ബന്ധപ്പെട്ട യാതൊരു രേഖയും ബാഗിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല,

തുടർന്ന് സിസിടിവി അടക്കം പരിശോധിച്ചതിൽ കൊട്ടിയം ജംഗ്ഷനിലൂടെ ഈ സമയങ്ങളിൽ കടന്നു പോയ വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുമുല്ലവാരം സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നും ടിയാളുടെ വാഹനത്തിൽ കയറിയ ചെന്നൈസ്വദേശിയായ യുവതി ഭക്ഷണം കഴിക്കാൻ മേവറത്തുള്ള ഹോട്ടലിൽ ഇറങ്ങിയപ്പോൾ യാത്രയിലെവിടെയോ വച്ച് ബാഗ് നഷ്ടപ്പെട്ട വിവരം പറഞ്ഞത് കൊട്ടിയം പോലീസിനെ അറിയിച്ചു. തുടർന്ന് വിനോദസഞ്ചാരത്തിനെത്തിയ യുവതികളാരെങ്കിലും സ്വർണ്ണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട പരാതി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചതിൽ സമാന രീതിയിലുള്ള ഒരു പരാതി അയിരൂർ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ ബാഗിന്റെ ഉടമയായ ചെന്നൈ സ്വദേശിയെ കണ്ടെത്തുകയും ബാഗ് തിരിച്ച് കിട്ടിയ വിവരം അറിയിച്ചതിനെ തുടർന്ന് ഉടമ കൊട്ടിയം സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു.എസ്.ഐ നിഥിൻ നളന്റെ നേതൃത്വത്തിൽ ഓട്ടോ ഡ്രൈവറായ രാജീവും പത്മാ ജ്വല്ലവറി ജീവനക്കാരും ചേർന്ന് ബാഗ് തിരികെ ഉടയ്ക്ക് കൈമാറി. ഈ അവസരത്തിൽ രാജീവിന്റെ സത്യസന്ധതയെ മാനിച്ചുകൊണ്ട് കൊട്ടിയം എസ് ഐ നിഥിൻ നളൻ രാജീവിനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.