കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം പടരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ചേമ്പറില്‍ ചേര്‍ന്ന പ്രത്യേകയോഗത്തില്‍ കിണറുകള്‍, ടാങ്കുകള്‍ അടക്കമുള്ള വിവിധ ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന പ്രക്രിയ തുടരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മലിനമായ കുളങ്ങളില്‍ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത്. കെട്ടികിടക്കുന്ന വെള്ളവും ഉപയോഗിക്കരുത്. കുട്ടികള്‍, അസുഖമുള്ളവര്‍, പ്രായമേറിയവര്‍ തുടങ്ങിയവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഒരാഴ്ച നീളുന്ന പ്രത്യേക ശുചീകരണ ഡ്രൈവിലൂടെ ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മലിനജലം നിറഞ്ഞ ഇടങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കും. പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ അയല്‍കൂട്ട അംഗങ്ങള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ മുഖേന കൂടുതല്‍ ശക്തിപ്പെടുത്തും. ഒക്ടോബര്‍ 15ന് ജില്ലയിലെ വിദ്യാലയങ്ങള്‍, വിവിധ ഓഫീസുകളില്‍ ജലസ്രോതസ് സംരക്ഷണ ബോധവത്കരണ പ്രതിജ്ഞയെടുക്കാനും നിര്‍ദേശം നല്‍കി. എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.