ജല അതോറിറ്റി സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായി പോകുന്നു .

കുണ്ടറ:മുളവനയ്ക്കും ചിറ്റുമലയ്ക്കും ഇടയ്ക്ക് ഓണമ്പലം കനാലിന് കുറുകെയുള്ള പൊതുമരാമത്ത് വക റോഡിൽ സ്ഥാപിച്ചിട്ടുള്ള ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം ചോർന്ന് പോകാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അധികാരികൾ കണ്ട മട്ട് കാണിക്കുന്നില്ല.
6 വർഷം മുമ്പ് ടാർ ചെയ്ത കുണ്ടറ പള്ളിമുക്ക് – മൺട്രോതുരുത്ത് റോഡിൽ ഓണമ്പലം കനാലിന് മുകളിൽ കുടിവെള്ള പൈപ്പ് പൊട്ടി വർഷങ്ങളായി
കുറെശേയായി ചോർന്നു പോയിരുന്ന ജലത്തിൻ്റെ ഒഴുക്ക് കൂടിക്കൂടി റോഡിൽ
ചെറിയ കുഴികൾ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കാൽനടക്കാരുടെ ശരീരത്ത് ചെളിവെള്ളം തെറിക്കുന്നതു കൂടാതെ കെട്ടിക്കിടക്കുന്ന മലിനജലം പൊട്ടിയ പൈപ്പിലൂടെ കുടിവെള്ളത്തിൽ കലരുന്നത് മൂലം ജലജന്യ രോഗങ്ങൾക്ക് ഹേതുവാകുകയും ചെയ്യുന്നുണ്ട്. ജല അതോറിറ്റി അധികൃതരുടെ അനാസ്ഥയിൽ പ്രദേശവാസികൾ പ്രതിഷേധിക്കാൻ തയ്യാറെടുക്കകയാണ്.