പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനെ ആക്രമിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യണം: സിപിഐ

കുണ്ടറ: തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷനും സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗവുമായ അജ്മീൻ എം കരുവയെ പഞ്ചായത്ത് ഓഫിസിനുള്ളിൽ കയറി ആക്രമിച്ച തൃക്കരുവ സ്റ്റേഡിയം വാർഡിൽ അറഫാ മൻസിലിൽ അഭിഭാഷകനായ എ സലിമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ തൃക്കരുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും നടത്തി.
തൃക്കരുവയിൽ നിന്നും ആരംഭിച്ച പ്രകടനം കാഞ്ഞിരംകുഴിയിൽ സമാപിച്ചു. പി വിജയൻപിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറി എസ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. തൃക്കരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി ഗോപകുമാർ, അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗം അനീഷ് അഷ്ടമുടി, ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെഹിന എന്നിവർ സംസാരിച്ചു.
അഭിഭാഷകൻ ചെയർമാനെ മർദ്ദിച്ചതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറിയും അജ്മീനും പൊലീസിൽ പരാതി നൽകുകയുമുണ്ടായി. ഈ രണ്ടു പരാതിയിലും പൊലീസ് അന്വേഷിക്കുയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. പൊലീസ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് മണ്ഡലം സെക്രട്ടറി എസ് ബിജുകുമാർ പറഞ്ഞു.