കൊല്ലം:ജലാശയങ്ങളിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാൻ കുട്ടികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ജൂനിയർ/ സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ നീന്തൽ മികച്ച ഉപാധിയാണ്. ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിന്റെ നിർമാണം പുനരാരംഭിക്കും. നീന്തലിനോടൊപ്പം ജില്ലയിലെ മറ്റ് കായിക ഇനങ്ങൾക്കും മികച്ച പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കും. ആശ്രാമം മൈതാനത്തിനടുത്ത് ക്രിക്കറ്റ് പരിശീലനത്തിന് സൗകര്യമൊരുക്കി. ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ഉയരുന്ന സ്റ്റേഡിയത്തിനായി 50 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഹോക്കി സ്റ്റേഡിയവും നിർമിക്കും. കേരളത്തിൽ നിന്ന് ദേശീയ ഗെയിംസ്, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ 350 ലധികം കായിക താരങ്ങൾക്ക് സർക്കാർ തൊഴിൽ നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
എക്സ് ഏണസ്റ്റ് അധ്യക്ഷനായി. ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എൻ ജയലാൽ, സെക്രട്ടറി ആസാദ് അബ്ദുൽ കലാം, ടി ഐ എ സി മാനേജർ ആർ രതീഷ്കുമാർ, മുൻ രാജ്യാന്തര സ്വിമ്മർ എസ് മണമയിൽ തുടങ്ങിയവർ പങ്കെടുത്തു.
