മുഖ്യമന്ത്രി നാടിന് സമര്‍പിക്കും
വിജിലന്‍സ് കോടതി ജില്ലയില്‍
വിജിലന്‍സ് കേസുകളുടെ അതിവേഗതീര്‍പ് ലക്ഷ്യമാക്കി ജില്ലയില്‍ വിജിലന്‍സ് കോടതി തുടങ്ങുന്നു. അനുബന്ധമായി പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 27 പകല്‍ 9.30ന് മതിലില്‍ വെങ്കേക്കര ദാസ് ആര്‍ക്കേഡ് കെട്ടിടത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരിധിയിലുള്ള കേസുകളാണ് കോടതിയുടെ പരിധിയിലുള്ളത്.
ഹൈക്കോടതി ജഡ്ജി സുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈക്കോടതി ജഡ്ജി കൗസര്‍ എഡപ്പഗത് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ. ബി. ഗണേഷ് കുമാര്‍ എന്നിവര്‍ വിശിഷ്ട പ്രഭാഷണം നടത്തും.
എം. മുകേഷ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.വി. രാജു, വിജിലന്‍സ് ഡി.ഐ.ജി കെ. കാര്‍ത്തിക്, എസ്.പി വി. അജയകുമാര്‍, വാര്‍ഡ് അംഗം ടെല്‍സ തോമസ്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഓച്ചിറ എന്‍. അനില്‍ കുമാര്‍, എ.കെ. മനോജ്, വിജിലന്‍സ് ജഡ്ജി എ.മനോജ് എന്നിവര്‍ ആശംസ പ്രസംഗം നടത്തും
വായനപക്ഷാചരണം
ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു; സമ്മാനദാനം ഇന്ന് (ജൂണ്‍ 27)
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുന്നത്തൂര്‍ അംബികോദയം വി.ജി.എസ്.എസ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി എ.എല്‍. കീര്‍ത്തന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇളമ്പള്ളൂര്‍ എസ്.എന്‍.എം.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി അദിനാന്‍ ഹസ്സന്‍, ട്രിനിറ്റി ലൈസിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അഭിഷിക്ത എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ‘വായിച്ച പുസ്തകത്തിലെ ഇഷ്ടകഥാപാത്രത്തെ’ കുറിച്ചായിരുന്നു ഉപന്യാസം. വിരമിച്ച കോളജ് അധ്യാപകന്‍ ഡോ. എം.എസ്. നൗഫലാണ് വിധിനിര്‍ണയം നടത്തിയത്.
വിജയികള്‍ക്ക് ജൂണ്‍ 27ന് രാവിലെ 11ന് തേവള്ളി ബി.എഡ് സെന്ററില്‍ നടക്കുന്ന ‘എഴുത്തുവഴി’ പരിപാടിയില്‍ ദേശീയ പുരസ്‌കാരജേതാവായ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ഉദ്ഘാടനത്തോടൊപ്പം സമ്മാനവിതരണവും നടത്തും. ബി.എഡ് സെന്റര്‍ പ്രിന്‍സിപല്‍ ഡോ. ലതാദേവി അമ്മ ജെ. അധ്യക്ഷയാകും. ജില്ല ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ഡി. സുകേശന്‍, കെ.ബി. മുരളീകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ. ലാല്‍, എസ്.എസ്.കെ ജില്ല കോ-ഓഡിനേറ്റര്‍ ജി. കെ. ഹരികുമാര്‍, സാക്ഷരത മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ ടോജോ ജേക്കബ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്തിന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം 27ന്
ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിമുറ്റത്ത് ജൂണ്‍ 27ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് മുഖ്യപ്രഭാഷണം നടത്തും.
വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യംശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്. ജലാശയങ്ങളില്‍ സെപ്റ്റിക് മാലിന്യം തള്ളുന്നതിന് പരിഹാരമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സംവിധാനമാണിത്. നഗരമേഖലകളില്‍ നിന്ന് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ച് വാഹനത്തില്‍ സ്ഥാപിച്ച പ്ലാന്റിലൂടെ ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളുരീതിയാണ് പിന്തുടരുക.
ഖര-ദ്രാവക വേര്‍തിരിവ്, ഖരമാലിന്യം കട്ടിയാക്കല്‍, മലിനജല സംസ്‌കരണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ശുദ്ധീകരണം. സെന്റ്രി ഫ്യൂജ്, ബയോമെംബ്രെന്‍ ഫില്‍ട്രേഷന്‍ എന്നീ പ്രക്രിയകള്‍ വഴിയാണ് പ്രവര്‍ത്തനം. ഭൗമ എന്‍വിടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ ആധുനികമായി സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റാണിത്. മണിക്കൂറില്‍ 6000 ലിറ്റര്‍വരെ മലിനജലം ശുദ്ധീകരിക്കാനാവും. ജലം സുരക്ഷിതമായി ഒഴുക്കി കളയാം. കൃഷിക്കും ഉപയോഗിക്കാം.
ശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കിലെ മാലിന്യംമാത്രമാണ് പ്ലാന്റ് വഴി സംസ്‌കരിക്കാവുന്നത്. ടാങ്കിന്റെ അടിഭാഗം സീല്‍ ചെയ്തിരിക്കണം. ജലാംശം കുറഞ്ഞ മാലിന്യങ്ങള്‍ പ്ലാന്റ് വഴി ശുദ്ധീകരിക്കാനാകില്ല; അടുക്കള മാലിന്യം, വ്യവസായിക മാലിന്യം എന്നിവയും. 95 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ രണ്ട് യൂണിറ്റുകള്‍ മുന്‍കൂര്‍ ബുക്കിംഗ് അനുസരിച്ച് പ്രവര്‍ത്തിക്കും.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സയൂജ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജീബത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രമേശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.അനില്‍.എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സാം.കെ.ഡാനിയല്‍, അഡ്വ.ബ്രിജേഷ് എബ്രഹാം, അഡ്വ.സി.പി സുധീഷ് കുമാര്‍, ഡോ.കെ.ഷാജി, അനന്തുപിള്ള, പ്രിജി ശശിധരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, ജില്ല ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ.ഷെര്‍ളി എന്നിവര്‍ പങ്കെടുക്കും
ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ അഞ്ചാംഘട്ടം ജില്ലാതല ഉദ്ഘാടനം ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ നിര്‍വഹിച്ചു. എ.ഡി.എം നിര്‍മല്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഹരികുമാരന്‍ നായര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ എച്ച്. നൂറുദ്ദീന്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അരവിന്ദ് ഘോഷ്, ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഹരികുമാര്‍, കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍ രജിത്ത്, ജില്ലാ പ്രസിഡന്റ് എ.രാജു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആന്റണി പീറ്റര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ പ്രവീണ്‍, പി.ടി.എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദ്, പ്രിന്‍സിപ്പല്‍ പ്രമോദ്, ഹെഡ്മിസ്ട്രസ് ആര്‍ അജിത എന്നിവര്‍ സംസാരിച്ചു
ലഹരി വിരുദ്ധ ദിനം ആചരിച്ചു
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍ അധ്യക്ഷനായി. ശാസ്താംകോട്ട എസ്.ഐ ശരത് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നെടിയവിള അംബികോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനാധ്യാപിക ലേഖ, പഞ്ചായത്ത് അംഗം ഗീതാകുമാരി, ജോയിന്റ് ബി.ഡി.ഒ ഫസലുദ്ദീന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
ജില്ലാ ആശുപത്രിയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്.അനു ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി. പ്ലാസ അധ്യക്ഷയായി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എന്‍.ശ്രീകാന്ത്, ആര്‍ എം ഒ ഡോ. ഗൗരിപ്രിയ, ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ റ്റി. ഷാലിമ, ലോ സെക്രട്ടറി എസ്.ഹരീഷ് കുമാര്‍, നഴ്‌സിങ് സൂപ്രണ്ട് എസ്.ലായി, കെ.എം മുകേഷ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് സര്‍ജന്‍ ഡോ. നമിത നസീര്‍ ലഹരി ഉപയോഗവും ദൂഷ്യഫലങ്ങളും വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
തൊഴില്‍മേള 28ന്
പത്തനംതിട്ട അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 28ന് തൊഴില്‍മേള നടത്തും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും 9495999688, 9496085912, 9497289688.
താല്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗങ്ങളില്‍ ജോലി ലഭിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിന് പ്രവര്‍ത്തി പരിചയമുള്ള സര്‍ക്കാര്‍/ സര്‍ക്കാരിതര (റസിഡന്‍ഷ്യല്‍/ നോണ്‍ റസിഡന്‍ഷ്യല്‍) സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. സാമ്പത്തിക വിശകലനം ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ സഹിതമുള്ള താല്പര്യ പത്രം ജൂലൈ ഒന്ന് വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്തിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 0474-2794996,
ബിരുദ പ്രവേശനം
കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബി.കോം ഫിനാന്‍സ് കോ ഓപ്പറേഷന്‍ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 30നകം കോളേജില്‍ എത്തണം. ഫോണ്‍: 88089754259, 9447604258, 9447957916.
ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
ജില്ലയിലെ പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ ജൂലൈ 15നകം സൈറ്റ് മുഖേന ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്ക് ലഭ്യമാക്കണം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേനയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് . വിവരങ്ങള്‍ക്ക്: pnlrtdo@gmail.com ഫോണ്‍. 0475 2222353
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ കോഴ്‌സ്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register ല്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.srccc.in ഫോണ്‍ :9846033001, 04712570471
മസ്റ്ററിംഗ് നടത്തണം
മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യണം. ഫോണ്‍: 0495 2966577, 9188230577.
അപ്രന്റിസ് ക്ലര്‍ക്ക് നിയമനം
ഓച്ചിറ, വെട്ടിക്കവല, കുളക്കട ഐ.റ്റി.ഐകളില്‍ അപ്രന്റിസ് ക്ലര്‍ക്കുമാരെ താല്‍കാലികമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:. ബിരുദം, ഡി.സി.എ/സി.ഒ.പി.ഒ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനം. പ്രതിമാസം 10000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി: 35 വയസ്. അവസാന തീയതി: ജൂലൈ മൂന്ന്. ഫോണ്‍. 0474 2794996.
യോഗം ചേരും
ജില്ലാ ജല ശുചിത്വമിഷന്‍ യോഗം ജൂലൈ എട്ട് രാവിലെ 11ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
സ്‌പോട്ട് അഡ്മിഷന്‍
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലെ ഒഴിവുളള സീറ്റുകളിലേക്ക് ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, എസ്.സി./എസ്.റ്റി/ഫിഷറീസ് വിഭാഗത്തിനായി സംവരണം ചെയ്തതില്‍ ഒഴിവുളള സീറ്റിലേക്കും പ്രവേശനം നേടാം. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും, പ്രവേശന പരീക്ഷ സ്‌കോറുമാണ് യോഗ്യത. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍ 9496366741, 8547618290.