കൊല്ലം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ഹോപ്പ് പദ്ധതി പ്രകാരം പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയ കുട്ടികളുടെയും മുൻ എസ്.പി.സി കുട്ടികളുടെയും ‘ജോയിന്റ് അലുമിനി മീറ്റ് സംഘടിപ്പിക്കപ്പെട്ടു. 2025 ഡിസംബർ 27-ാം തീയതി കൊല്ലം പോലീസ് ക്ലബിൽ വച്ചാണ് മീറ്റ് സംഘടിപ്പിക്കപ്പെട്ടത്. പലവിധ കാരണങ്ങളാൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്ന കേരളാ പോലീസിന്റെ പദ്ധതിയാണ് ‘ഹോപ്പ്’. 9.30 മണിക്ക് രജിസ്‌ട്രേഷനോട് കൂടി ആരംഭിച്ച പരിപാടിയിൽ 80 ഓളം തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുക്കുകയുണ്ടായി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ഉദ്ഘാടനം നിർവഹിക്കുകയും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പ്രദീപ്കുമാർ അധ്യക്ഷത വഹിക്കുകയും കൺട്രോൾ റൂം ഇൻസ്‌പെക്ടർ രതീഷ് സ്വാഗതം ആശംസിക്കുകയും ചെയ്തു.
കൊല്ലം എ.സി.പി ഷെരീഫ്, സൈക്കോളജിസ്റ്റ് മാരായ കാൾട്ടൺ ഫെർണാണ്ടസ്, സുവിദ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും, എസ്.പി.സി കോഡിനേറ്റർ ഷഹീർ നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ജയശ്രീയുടെ നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് സെഷനും കേരള ഫയർ ആൻഡ് റെസ്‌ക്യൂ സീനിയർ ഓഫീസർ ബിനോയ് മാത്യു അവർകളുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വിഷയത്തെ ആസ്പദമാക്കി ക്ലാസും നടത്തപ്പെട്ടു. തുടർന്ന് ഡെസ്റ്റ് മോണ,നിമ്മി, മാത്യു എന്നിവർ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകുകയും സോഷ്യൽ പോലീസിംഗ് പദ്ധതികളെക്കുറിച്ച് സൈക്കോളജിസ്റ്റ് കാർട്ടൺ ഫെർണാണ്ടസ് പരിചയപ്പെടുത്തുകയും ചെയ്തു.
