കൊട്ടാരക്കര: വിളക്കുടി വില്ലേജിൽ കുന്നിക്കോട് പുളിമുക്ക് എന്ന സ്ഥലത്ത് റസീന മൻസിലിൽ റഹീം മകൻ 29 വയസുള്ള റിയാസിനെ 25.02.2023 ന് രാത്രി 10.00 മണിക്ക് കുന്നിക്കോട് പട്ടാഴി റോഡിൽ പള്ളിക്ക് സമീപം വെച്ച് തടഞ്ഞുനിർത്തി കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിളക്കുടി വില്ലേജിൽ കുന്നിക്കോട് പാപ്പരംകോട് എന്ന സ്ഥലത്ത് ഷിബിന മൻസിലിൽ നിന്നും മേലില വില്ലേജിൽ കടമ്പ്ര എന്ന സ്ഥലത്ത് കാഞ്ഞിരത്തുംമൂട് വീട്ടിൽ താമസിച്ച് വന്ന അബ്ദുൽസലാം മകൻ വക്കീൽ ഷിഹാബ് എന്ന് വിളിക്കുന്ന 44 വയസുള്ള ഷിഹാബുദ്ദീൻ – നെ ബഹു: കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് കോടതി-V ജഡ്‌ജ് ബിന്ദു സുധാകരൻ ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷാവിധി പ്രസ്താവിച്ചു. കൊല്ലപ്പെട്ട റിയാസും സുഹൃത്തുക്കളും പ്രതിയുടെ വീട്ടിൽ കയറി പ്രതിയേയും പ്രതിയുടെ ഉമ്മയേയും ഉപദ്രവിച്ചതിലുള്ള മുൻ വിരോധത്താലും പ്രതിയുടെ അനുജനും റിയാസും വിളക്കുടി പഞ്ചായത്തിലെ ഇറച്ചി സ്റ്റാൾ ലേലത്തിൽ പിടിക്കുന്നതുമായുള്ള തർക്കത്തെ തുടർന്ന് ശത്രുതയിൽ കഴിഞ്ഞു വരവേ 25.02.2023 രാത്രി 10.00 മണിക്ക് കുന്നിക്കോട് പട്ടാഴി റോഡിൽ ബുള്ളറ്റിൽ വരികയായിരുന്ന റിയാസിനെ കുന്നിക്കോട് പള്ളിക്ക് സമീപം വെച്ച് തടഞ്ഞുനിർത്തി ബുള്ളറ്റിൽ നിന്നും പിടിച്ചിറക്കി പ്രതിയുടെ കയ്യിൽ കരുതിയിരുന്ന കൂർത്ത കത്തി ഉപയോഗിച്ച് റിയാസിനെ നെഞ്ചിലും, വയറ്റിലും, മുതുകിലും, ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും, കുത്തി ആഴത്തിലുള്ള 17 ഓളം മുറിവുകൾ ഉണ്ടാക്കിയ ശേഷം കുത്താനുപയോഗിച്ച കത്തി സ്ഥലത്തിന് എതിർവശം വസ്തുവിൽ ഒളിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്. നാട്ടുകാർ കുന്നിക്കോട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി പരിക്കേറ്റ റിയാസിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരണപ്പെടുകയും ചെയ്തു എന്നതാണ് കേസിലെ സംഭവം. സംഭവ സ്ഥലത്തുനിന്നും പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കുന്നിക്കോട് പോലീസ് സ്റ്റേഷൻ ക്രൈം 314/23 പ്രകാരം ISHO M.അൻവർ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ SC 827/23 നമ്പർ ആയി വിചാരണ നടപടികൾ ആരംഭിച്ചു. 5 തൊണ്ടി മുതലുകളും 31 റെക്കോർഡുകളും ഹാജരാക്കി 20 സാക്ഷികളേയും വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ്. ജയകമലാസനനും പ്രോസിക്യൂഷൻ സഹായിയായി സിവിൽ പോലീസ് ഓഫീസർ അനിൽകുമാറും ഹാജരായി.
യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
